
പഞ്ച്കുല: പഞ്ചാബിലെ മുൻ ഡിജിപിക്കും മുൻ മന്ത്രിയായ ഭാര്യയ്ക്കുമെതിരെ മകന്റെ മരണത്തിൽ കേസ്. മുൻ പഞ്ചാബ് ഡിജിപി ആയിരുന്ന മുഹമ്മദ് മുസ്തഫ ഭാര്യയും മുൻ മന്ത്രിയും ആയിരുന്ന റസിയ സുൽത്താന എന്നിവർക്കെതിരെയാണ് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. 2017-2022 കാലത്ത് കോൺഗ്രസ് സർക്കാരിൽ മന്ത്രിയായിരുന്നു റസിയ. ഇവരുടെ മകൻ അഖിൽ അഖ്തറിനെ അഞ്ച് ദിവസം മുൻപാണ് മരിച്ചത്. മരണത്തിന് പിന്നാലെ അഖിൽ റെക്കോർഡ് ചെയ്ത് വച്ചിരുന്ന വീഡിയോകൾ പുറത്ത് വന്നതോടെ വലിയ വിവാദമാണ് സംസ്ഥാനുണ്ടായിട്ടുള്ളത്. തന്റെ ഭാര്യയ്ക്ക് പിതാവുമായി അവിഹിത ബന്ധമുള്ളതായി സംശയിക്കുന്നതായും തനിക്ക് വധഭീഷണിയുണ്ടെന്നും അഖിൽ വീഡിയോയിൽ വിശദമാക്കിയിരുന്നു. ചൊവ്വാഴ്ച പുറത്ത് വന്ന വീഡിയോയിൽ കുടുംബാംഗങ്ങൾക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം തന്റെ മാനസിക പ്രശ്നങ്ങൾകൊണ്ട് ചെയ്തതാണെന്നും തന്നോട് ക്ഷമിക്കണമെന്നും അഖിൽ പറയുന്നു. ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായതിന് പിന്നാലെയാണ് കുടുംബാംഗങ്ങൾക്കെതിരെ കേസ് എടുത്തതെന്നാണ് ഡപ്യൂട്ടി കമ്മിഷണർ സൃഷ്ടി ഗുപ്ത വിശദമാക്കുന്നത്.
എസിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ആരോപണം അന്വേഷിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് മരുന്നുകൾ ഓവർഡോസായതാണ് അഖിലിന്റെ മരണ കാരണമെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. മയക്കുമരുന്നുകൾ ഉപയോഗിച്ച ശേഷമാണോ വീഡിയോകൾ ചെയ്തതെന്ന സംശയത്തിലാണ് പൊലീസുള്ളത്. ഒക്ടോബർ 16ന് പഞ്ച്കുലയിലെ വീട്ടിൽ അഖിലിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ പരിക്കുകളൊന്നും ഉണ്ടായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അഖിലിന്റെ വീഡിയോ പുറത്ത് വന്നതും സമൂഹമാധ്യമങ്ങളിൽ വൈറലായതും. ഓഗസ്റ്റ് 27ന് അഖിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭാര്യയുമായി അച്ഛന് അവിഹിത ബന്ധം ഉണ്ടെന്നും അമ്മയും സഹോദരിയും തന്നെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുന്നതായും ആരോപിച്ചത്.
ഒക്ടോബർ 17ന് കുടുംബത്തെ പരിചയമുള്ള ഷംസൂദ്ദീൻ ചൗധരിയെന്ന വ്യക്തി അഖിലിന്റെ മരണത്തിൽ അസ്വഭാവികതയുണ്ടെന്ന് പരാതിയും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് തിങ്കളാഴ്ചയാണ് പൊലീസ് കേസ് എടുത്തത്. ഇതിന് പിന്നാലെ ചൊവ്വാഴ്ചയാണ് താൻ മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ മാനസിക അസ്വാസ്ഥ്യത്തേ തുടർന്നാണ് എന്ന് അഖിൽ വിശദമാക്കുന്ന പുതിയ വീഡിയോ പുറത്ത് വന്നത്. തനിക്ക് സ്കീസോഫ്രീനിയ ഉണ്ടെന്നും മുൻപ് പറഞ്ഞ കാര്യങ്ങൾ ആവർത്തിക്കാൻ പോലും താൽപര്യപ്പെടുന്നില്ലെന്നും അഖിൽ വിശദമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam