
ബെംഗളൂരു: റോഡപകടത്തിൽ മരണപ്പെട്ട പോലീസുകാരന്റെ കണ്ണുകൾ ദാനം ചെയ്ത് കുടുംബം മാതൃകയായി. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് റോഡപകടത്തിൽ കൊല്ലപ്പെട്ട ഹെഡ് കോൺസ്റ്റബിൾ ഭക്തരാമന്റെ (44) കണ്ണുകൾ ദാനം ചെയ്യാൻ കുടുംബം തയ്യാറായത്. ബെംഗളൂരു വിദ്യാരണ്യപുരയിൽ താമസിക്കുന്ന ഭക്തരാമൻ തിങ്കളാഴ്ച്ച രാത്രി ഗൊരഗുണ്ടെപ്പാളയ ജങ്ഷനു സമീപത്തുള്ള പൈപ്പ് ലൈൻ റോഡ് ജങ്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് മരണപ്പെട്ടത്. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന കോൺസ്റ്റബിളിനെ എതിർ വശത്തു നിന്ന് നിയന്ത്രണം വിട്ടുവന്ന ട്രക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കൈകാലുകളും നട്ടെല്ലും തകർന്ന് അബോധാവസ്ഥയിലായ കോൺസ്റ്റബിളിനെ അതുവഴി വന്ന ആളുകള്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കുടുംബാംഗങ്ങളെ പോലീസ് ചൊവ്വാഴ്ച്ച രാവിലെയാണ് വിവരമറിയിച്ചത്. തുടർന്ന് കുടുംബാംഗങ്ങൾ ഭക്തരാമന്റെ കണ്ണുകൾ ദാനം ചെയ്യുന്നതിനായി നാരായണ നേത്രാലയയിലെ നേത്രബാങ്കിനു കൈമാറുകയായിരുന്നു. ഭക്തരാമന്റെ ഭാര്യ സുമംഗല വളരെ നാളുകളായി നിശാന്ധതയുള്ള സ്ത്രീയാണ്. ഒട്ടേറെ ചികിത്സകൾ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam