Asianet News MalayalamAsianet News Malayalam

നിർഭയ കേസ്; ശിക്ഷ വൈകിയാലും പ്രതികളെ ഒരുമിച്ച് തൂക്കിലേറ്റണമെന്ന് ദില്ലി ഹൈക്കോടതി, കേന്ദ്രത്തിന്‍റെ ഹർജി തള്ളി

ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്‍റെ സാധ്യതയും അവസാനിച്ചു

nirbhaya case delhi high court dismisses central government plea to execute convicts one by one
Author
Delhi, First Published Feb 5, 2020, 3:13 PM IST

ദില്ലി: നിർഭയ കേസിൽ കുറ്റവാളികളുടെ വധശിക്ഷ ഒരുമിച്ച് തന്നെ നടപ്പാക്കണമെന്ന് ദില്ലി ഹൈക്കോടതി. ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നാവശ്യപ്പെട്ടുള്ള കേന്ദ്ര സ‌ർക്കാരിന്റെ ​ഹ‌ർജി കോടതി തള്ളി. പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തുള്ള വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാനാകില്ലന്ന് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കി. എന്നാൽ പ്രതികൾ മനപ്പൂർവ്വം ശിക്ഷ നടപ്പാക്കുന്നത് വൈകിപ്പിക്കുകയാണെന്ന് കൂടി നിരീക്ഷിച്ച കോടതി ഏഴ് ദിവസത്തിനുള്ളിൽ പ്രതികൾ എല്ലാ നിയമനടപടികളും പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടു.

നിയമനടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്ന അന്ത്യശാസനമാണ് പ്രതികൾക്ക് ദില്ലി ഹൈക്കോടതി നൽകിയിരിക്കുന്നത്. ഇനിയും ​​​ദയാ‌ഹ‌ർജി സമ‌ർപ്പിക്കാൻ ബാക്കിയുള്ള പവൻ ​ഗുപ്ത ഈ വിധിയനുസരിച്ച് അടുത്ത ഏഴ് ദിവസങ്ങൾക്കകം രാഷ്ട്രപതിക്ക് ​ദയാഹ‌ർജിയും സുപ്രീം കോടതിയിൽ തിരുത്തൽ ഹ‌ർജിയും നൽകണം. 

എങ്കിലും പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന സൂചനയാണ് വിധി നൽകുന്നത്, പ്രതികളെ ഒരുമിച്ചു തൂക്കിലേറ്റണം എന്ന നിയമം നിലനിൽക്കില്ലെന്നും ഒരിക്കൽ സുപ്രീംകോടതി തീർപ്പ് കൽപ്പിച്ച കേസില്‍ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിന് തടസം ഇല്ലെന്നുമായിരുന്നു കേന്ദ്ര സർക്കാരിന്റെ പ്രധാന വാദം. ദയാഹർജികൾ തള്ളിയവരെ തൂക്കിലേറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാണ് ഹൈക്കോടതി തള്ളിയിരിക്കുന്നത്. ഇതോടെ ദില്ലി തെരഞ്ഞെടുപ്പിന് മുമ്പ് ഒരു പ്രതിയെ എങ്കിലും തൂക്കിലേറ്റുന്നതിന്‍റെ സാധ്യതയും അവസാനിച്ചു. ജസ്റ്റിസ് സുരേഷ് കൈത്ത് അധ്യക്ഷനായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ദില്ലി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാൽ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തൽ ഹ‍ർജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹ‍ർജിയും സമർപ്പിച്ചു. ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹർജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികൾക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ എന്ന് കൂടി നിർദ്ദേശമുള്ളതിനാൽ ഇത് ഫലത്തിൽ എല്ലാ പ്രതികൾക്കും ഗുണം ചെയ്തു. 

മുകേഷിന്‍റെ ദയാഹർജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാർ ദയാർഹ‍‍ർജി സമർപ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂ‌ർ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ഇത് തള്ളിക്കഴിഞ്ഞാലും പവൻ ഗുപ്ത ദയാഹർജി സമർപ്പിച്ച് അത് രാഷ്ട്രപതി തള്ളി 14 ദിവസം കഴിഞ്ഞാൽ മാത്രമേ വധശിക്ഷ നടപ്പാക്കാനാവൂ.

2012 ഡിസംബര്‍ 16-നാണ്  23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. ക്രൂരബലാത്സംഗത്തിനിടെ ആന്തരികാവയവങ്ങൾക്ക്  ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ദില്ലി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലെ മൌണ്ട് എലിസബത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29-ന് മരണം സംഭവിച്ചു.

Follow Us:
Download App:
  • android
  • ios