'ഉഗ്രശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോൾ വിമാന അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളും'; ഞെട്ടലിൽ ദൃക്സാക്ഷികൾ

Published : Jun 12, 2025, 06:15 PM ISTUpdated : Jun 12, 2025, 06:28 PM IST
Ahmedabad Plane Crash

Synopsis

അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്‍റെ ഭീകരത ദൃക്സാക്ഷികൾ വിവരിച്ചു. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുമാണ് എല്ലായിടത്തും കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

അഹമ്മദാബാദ്: ടേക്ക് ഓഫിന് പിന്നാലെയുണ്ടായ വിമാന ദുരന്തത്തിന്‍റെ ഭീകരത വിവരിച്ച് ദൃക്സാക്ഷികൾ. തകർന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളും ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുമാണ് എല്ലായിടത്തും കണ്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

"പെട്ടെന്ന് ഉഗ്ര ശബ്ദം കേട്ട് ഞെട്ടി. എന്താണ് സംഭവിച്ചതെന്ന് അറിയാൻ പുറത്തിറങ്ങി നോക്കിയപ്പോൾ, വായുവിലാകെ കനത്ത പുകയാണ് കണ്ടത്. ഒറ്റ നോട്ടത്തിൽ മറ്റൊന്നും കാണാൻ കഴിഞ്ഞില്ല. അടുത്ത് ചെന്ന് നോക്കിയപ്പോൾ തകർന്ന വിമാനം കണ്ടു. മൃതദേഹങ്ങളും ചിതറിക്കിടക്കുന്നുണ്ടായിരുന്നു"- പ്രദേശവാസി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.

 

 

വിമാനം എംബിബിഎസ് വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റൽ കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയപ്പോൾ തന്‍റെ മകൻ അവിടെയുണ്ടായിരുന്നുവെന്ന് പ്രദേശവാസിയായ റാമില പറഞ്ഞു- "എന്റെ മകൻ ഉച്ചഭക്ഷണ ഇടവേളയ്ക്ക് ആ ഹോസ്റ്റലിൽ പോയിരുന്നു. അപ്പോഴാണ് വിമാനം അവിടെ തകർന്നുവീണത്. വലിയ ശബ്ദം കേട്ട് അവൻ രണ്ടാം നിലയിൽ നിന്ന് ചാടി. അവന് പരിക്കേറ്റെങ്കിലും സുരക്ഷിതനാണ്"- റാമില എഎൻഐയോട് പറഞ്ഞു.

അതിനിടെ അപകടമുണ്ടായതറിഞ്ഞ് വിജയവാഡയിലായിരുന്ന വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അഹമ്മദാബാദിലെത്തി രക്ഷാദൌത്യം ഏകോപിപ്പിക്കുകയാണ്. എന്നാൽ യാത്രക്കാരിൽ ഒരാളും രക്ഷപ്പെട്ടില്ലെന്ന് ഗുജറാത്ത് പൊലീസ് അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും 12 ജീവനക്കാരും മരിച്ചതായി ഗുജറാത്ത് പൊലീസ് അറിയിച്ചു.

 

 

സർദാർ വല്ലഭായി വിമാനത്താവളത്തിൽ നിന്ന് 1.38ന് പറയുന്നർന്ന് നിമിഷങ്ങൾക്കുള്ളിലാണ് വിമാനം തകർന്നത്. 625 അടി ഉയരത്തിലേക്ക് പോയതിന് ശേഷമാണ് താഴേക്ക് പതിച്ചത്. യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരിൽ 11 കുട്ടികളും രണ്ട് കൈക്കുഞ്ഞുങ്ങളുമുണ്ടായിരുന്നു. പറന്നു പൊങ്ങിയപ്പോൾ തന്നെ പൈലറ്റുമാർ അപായ സന്ദേശം നൽകിയെങ്കിലും തിരികെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സാധിച്ചില്ലെന്ന് എയർ ട്രാഫിക് കൺട്രോൾ അറിയിച്ചു. എന്താണ് ഈ വലിയ ആകാശ ദുരന്തത്തിന് കാരണമെന്ന് ഇപ്പോൾ വ്യക്തമല്ല.

അതിനിടെ എയർ ഇന്ത്യ വിമാനം ഇടിച്ചിറങ്ങിയ ബിജെ മെ‍ഡിക്കൽ കോളജ് ഹോസ്റ്റലിൽ അഞ്ച് വിദ്യാർത്ഥികൾ മരിച്ചതായി സ്ഥിരീകരിച്ചു. നാല് മെഡിക്കൽ ബിരുദ വിദ്യാർത്ഥികളും ഒരു പിജി റെസിഡന്റുമാണ് മരിച്ചത്. വിമാനം ഹോസ്റ്റൽ കെട്ടിടത്തിന് മുകളിലേക്ക് വീണ് കത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ആദ്യം പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

 

ഹോസ്റ്റൽ മെസിലേക്ക് വിദ്യാർത്ഥികൾ ഭക്ഷണം കഴിക്കാൻ എത്തിയ സമയത്തായിരുന്നു അപ്രതീക്ഷിത ദുരന്തം. പാത്രങ്ങളിൽ ഭക്ഷണം എടുത്ത് വെച്ചിട്ടുള്ളത് ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നുവീണ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും തീപിടിക്കുകയും ചെയ്തതിന് പിന്നാലെ അഗ്നിശമന സേന ഇവിടെയെത്തി. ഹോസ്റ്റലിലുണ്ടായിരുന്ന മുപ്പതോളം പേർ ആശുപത്രിയിൽ ചികിത്സയിലുണ്ടെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'