ഫേസ്ബുക്ക് കേസിൽ ദില്ലി സർക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്

By Web TeamFirst Published Sep 23, 2020, 4:38 PM IST
Highlights

ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. 

ദില്ലി: ഫേസ്ബുക്ക് കേസില്‍ ദില്ലി സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. ദില്ലി കലാപവുമായി ബന്ധപ്പെട്ട് നിയമസഭയുടെ സമാധാന സമിതി വിളിപ്പിച്ചതിനെതിരെ ഫേസ്ബുക്ക് ഇന്ത്യ മേധാവി അജിത് മോഹന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നോട്ടീസ്. അടുത്ത മാസം 15 ന് കോടതി കേസ് വീണ്ടും പരിഗണിക്കും വരെ തുടര്‍ നടപടികള്‍ പാടില്ലെന്ന് കോടതി നിയമസഭ സമിതിക്ക് നിര്‍ദ്ദേശം നല്‍കി. ഒരാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണ് ജസ്റ്റിസ് സ‍ജയ് കൗള്‍ അധ്യക്ഷനായ മൂന്നംഗ ബഞ്ച്  ദില്ലി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. 

ദില്ലി കലാപവുമായി ബന്ധപ്പെട്ട് ബിജെപിയുടെ വിദ്വേഷ പ്രചാരണത്തിന് വേദിയൊരുക്കിയെന്ന പരാതിയുമായി ബന്ധപ്പെട്ട് ഇന്ന് ഹാജരാകാനായിരുന്നു നിയമസഭയുടെ സമാധാന സമിതി നോട്ടീസ് നല്‍കിയത്. അജിത് മോഹന്‍ ഇതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തിരുന്നു. സമാന വിഷയത്തില്‍ പാര്‍ലമെന്‍റ് സമിതിക്ക് മുന്നില്‍ ഹാജരായിട്ടുണ്ടെന്നും അജിത് മോഹന്‍ കോടതിയെ അറിയിച്ചു. ഫേസ്ബുക്ക് മേധാവിയെ വിളിപ്പിച്ചത് സാക്ഷി എന്ന നിലയിലാണെന്ന് ദില്ലി സര്‍ക്കാരിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ്വി വാദിച്ചു. സുപ്രീംകോടതി കേസ് പരിഗണനയ്ക്കെടുത്തതിനാല്‍ നിയമസഭാ സമിതിയുടെ യോഗം മാറ്റിവച്ചെന്നും ദില്ലി സര്‍ക്കാര്‍ അറിയിച്ചു.

click me!