ഔദ്യോഗിക ഫേസ്‌ബുക്ക് പേജിൽ മദ്യത്തിന്റെ ചിത്രം പങ്കുവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം, അബദ്ധമെന്ന് വിശദീകരണം

By Web TeamFirst Published May 28, 2020, 3:00 PM IST
Highlights

ബംഗാളിലെ ഉംപുൺ കൊടുങ്കാറ്റിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെപ്പറ്റി പറയുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ ചിത്രങ്ങളോടൊപ്പമാണ് ഈ വിവാദ ചിത്രവും പ്രത്യക്ഷപ്പെട്ടത്. 

 ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വെരിഫൈഡ് (ബ്ലൂ ടിക്ക്ഡ്) പേജിൽ പ്രത്യക്ഷപ്പെട്ട ചിത്രം സകലരെയും ഞെട്ടിക്കുന്ന ഒന്നായിരുന്നു. ഒരു പ്രസിദ്ധ വിസ്കി ബ്രാൻഡിന്റെ രണ്ടുകുപ്പി മദ്യം. അതിൽ ഒന്ന് കാലി. ഒരു ഗ്ലാസിൽ മദ്യം ഒഴിച്ച് വെച്ചിരിക്കുന്നു. ചുറ്റും പല പ്ളേറ്റുകളിലായി ടച്ചിങ്‌സും നിരത്തി വെച്ചിരിക്കുന്നു. ഇത് ബംഗാളിലെ ഉംപുൺ കൊടുങ്കാറ്റിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളെപ്പറ്റി പറയുന്ന ഒരു ഫേസ്‌ബുക്ക് പോസ്റ്റിലെ ചിത്രങ്ങളോടൊപ്പമാണ് ഈ വിവാദ ചിത്രവും പ്രത്യക്ഷപ്പെട്ടത്. 

 

 

ഇതുപോലൊരു പേജിൽ ഇങ്ങനെ ഒരു ചിത്രം കണ്ടപാടെ ഫേസ്‌ബുക്ക് യൂസർമാർ പലവിധത്തിലാണ് പ്രതികരിച്ചത്. ചിലർ "അവർക്കും വേണ്ടേ ഇത്തിരി റിലാക്സേഷനൊക്കെ..." എന്ന മട്ടിൽ നർമ്മത്തോടെ പ്രതികരിച്ചപ്പോൾ, മറ്റുചിലർ ആ പേജിന്റെ സാംഗത്യം ചൂണ്ടിക്കാട്ടി അല്പം കോപത്തോടെ തന്നെയാണ് പ്രതികരിച്ചത്.  "What is this? Who is responsible? Strict action must be taken!" എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു ഫേസ്‌ബുക്ക് പേജ് വൃത്തിക്ക് കൈകാര്യം ചെയ്യാൻ അറിയാത്തവർ എങ്ങനെ രാജ്യത്തിന്റെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യും എന്നു പോലും കുപിതരായ ചില യൂസർമാർ ചോദിച്ചു. 

 

 

എന്നാൽ, ഇത് ആ പേജ് കൈകാര്യം ചെയ്യുന്ന അഡ്മിന്റെ ഭാഗത്തുനിന്നുണ്ടായ ഒരു അബദ്ധമാണ് എന്ന് മന്ത്രാലയത്തിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. രാവിലെ 9.32 അടുപ്പിച്ച് ഈ ചിത്രം നീക്കം ചെയ്യപ്പെടുകയും ചെയ്തു. 2.79 ലക്ഷം പേർ ഫോളോ ചെയ്യുന്ന ഒരു പേജാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേത്. അഡ്മിന്റെ പേരിൽ കാര്യമായ അച്ചടക്ക നടപടികൾ ഒന്നും തന്നെ ഉണ്ടാകാൻ ഇടയില്ല എന്നും അത് ആർക്കും സംഭവിക്കാവുന്ന ഒരു അബദ്ധം മാത്രമാണ് എന്നുമാണ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പ്രതികരിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. 

click me!