
ദില്ലി: 'കൊവിഡ് വ്യാപനത്തിന് പിന്നാലെ തൊഴില്‍ നഷ്ടമായ നിരവധിപ്പേര്‍ക്ക് എഴുത്ത് പരീക്ഷ കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വമ്പിച്ച അവസരം. നേരിട്ടുള്ള റിക്രൂട്ട്മെന്‍റ് മുഖേന 8 ലക്ഷം ഒഴിവുകള്‍ നികത്തുന്നു.' നേരിട്ട് കേന്ദ്രസര്‍ക്കാര്‍ ജോലി നേടാന്‍ അവസരമൊരുങ്ങുന്നുവെന്ന പേരിലാണ് പ്രചാരണം നടക്കുന്നത്.
നാഷണല്‍ റിക്രൂട്ട്മെന്‍റ് ഏജന്‍സി മുഖേനയാണ് ഈ അവസരമെന്നും പുതിയതായി സൃഷ്ടിച്ചതടക്കംഎട്ട് ലക്ഷത്തോളം ഒഴിവുകളാണ് ഉള്ളതെന്നും യുട്യൂബ് വീഡിയോ അവകാശപ്പെടുന്നു. ഗവണ്‍മെന്‍റ് ജോബ് അപ്ഡേറ്റ്സ് എന്ന യുട്യൂബ് ചാനലിലൂടെയാണ് പ്രചാരണം. സര്‍ക്കാര്‍ ജോലി നേടാനുള്ള സുവര്‍ണ അവസരമാണ് ഇതെന്നും വീഡിയോ വാദിക്കുന്നു. ഐബിപിഎസ്, എസ്എസ്സി, ആര്‍ ആര്‍ബി എന്നിവയടക്കമുള്ള ഒഴിവുകളാണ് നികത്തുന്നത്. 10പാസായവര്‍ക്ക് മുതല്‍ തൊഴില്‍ അവസരമുണ്ടെന്നും ഈ ലിസ്റ്റിന് മൂന്ന് വര്‍ഷത്തെ കാലാവധിയുണ്ടെന്നും പ്രചാരണം അവകാശപ്പെടുന്നു. കൊവിഡ് 19, ലോക്ക്ഡൌണ്‍ എന്നിവ നിമിത്തം പ്രായ പരിധിയില്ലാതെ ആര്‍ക്കും ജോലി നേടാമെന്നും വീഡിയോ അവകാശപ്പെടുന്നു. ജോലി നേടാനായി ചെയ്യേണ്ട കാര്യങ്ങളും വീഡിയോ വിശദമാക്കുന്നുണ്ട്. അപേക്ഷിക്കേണ്ട രീതി, അപേക്ഷയില്‍ തെറ്റുകള്‍ സംഭവിക്കരുത് എന്നിവയും വീഡിയോ വിശദമാക്കുന്നു. നാനൂറ് രൂപ അപേക്ഷാ ഫീസായി നല്‍കണമെന്നും വീഡിയോ അവകാശപ്പെടുന്നു.
എന്നാല്‍ പ്രചാരണം വ്യാജമാണെന്ന് പിഐബിയുടെ വസ്തുതാ പരിശോധക വിഭാഗം വ്യക്തമാക്കുന്നു. നാഷണല്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി ഇത്തരം നിയമനങ്ങളൊന്നും നടക്കുന്നില്ലെന്നും പിഐബി വിശദമാക്കുന്നു. പരീക്ഷ മുഖേനയല്ലാതെ കേന്ദ്ര സര്‍ക്കാര്‍ ജോലികളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നില്ലെന്നും പിഐബി വിശദമാക്കുന്നു. ഏത് പ്രായത്തിലുള്ളവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ ജോലി എഴുത്തുപരീക്ഷയില്ലാതെ നേടാമെന്ന നിലയില്‍ നടക്കുന്ന പ്രചാരണം വ്യാജമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam