
ലക്നൗ: തിരിമറിയിലൂടെ പൊലീസ് ജോലി തട്ടിയെടുത്ത കേസിൽ വ്യാജരേഖ ചമച്ച പ്രതിക്ക് 27 വർഷങ്ങൾക്ക് ശേഷം തടവുശിക്ഷ വിധിച്ച് ഉത്തർപ്രദേശിലെ കോടതി. ഹാഥ്റാസ് ജില്ലയിലെ സിത്രാപൂർ സ്വദേശിയായ ഭോജ്‌രാജിനാണ് ആഗ്രയിലെ കോടതി 3 വർഷം തടവും 3,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. 1999-ൽ പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റബുലറിയിൽ കോൺസ്റ്റബിൾ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോൾ ഭോജ്‌രാജ് വ്യാജ സത്യവാങ്മൂലം സമർപ്പിച്ചതാണ് കേസിന് ആധാരം. സർട്ടിഫിക്കറ്റ് പരിശോധന വേളയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.
അന്നത്തെ ക്ലർക്കായിരുന്ന പ്രദീപ് കുമാർ വർമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, 1999 ജനുവരി 1-ന് ആഗ്രയിലെ താജ്ഗഞ്ച് പോലീസ് സ്റ്റേഷനിൽ വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് അതേ വർഷം മെയ് 31-ന് പോലീസ് കുറ്റപത്രം സമർപ്പിച്ചു. സ്പെഷ്യൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശിവാനന്ദ് ഗുപ്തയുടെ മുൻപാകെയാണ് കേസിന്‍റെ വിചാരണ നടന്നത്. പ്രോസിക്യൂഷൻ ഹാജരാക്കിയ സാക്ഷിമൊഴികളും രേഖകളും പരിശോധിച്ച കോടതി, വ്യാജരേഖയിലൂടെ സർക്കാർ ജോലി നേടിയ കുറ്റത്തിന് ഭോജ്‌രാജ് കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു. പിഴ തുക അടച്ചില്ലെങ്കിൽ പ്രതി കൂടുതൽ കാലം തടവ് അനുഭവിക്കേണ്ടിവരും. 1998-99 കാലഘട്ടത്തിൽ നടന്ന ഈ ജോലി തട്ടിപ്പ് കേസിനാണ് നീണ്ട രണ്ടര പതിറ്റാണ്ടിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്ക് ശേഷം ഇപ്പോൾ അവസാനമായിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam