ബെംഗളൂരുവിൽ ഡെലിവറി ഏജൻ്റിനെതിരെ പരാതിയുമായി യുവതി. ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നും നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതിയുടെ പരാതി.
ബെംഗളൂരു: പാഴ്സൽ നൽകാൻ എത്തിയ ഡെലിവറി ഏജൻ്റ് വീട്ടിൽ അതിക്രമിച്ചു കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയുമായി ബെംഗളൂരു സ്വദേശിയായ യുവതി. ശുചിമുറി ഉപയോഗിക്കാൻ വിസമ്മതിച്ചതിന് പിന്നാലെ ആണ് യുവാവ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയതെന്നും തിരിച്ചുവരുന്ന വഴിയാണ് സ്വകാര്യ ഭാഗം പ്രദർശിപ്പിച്ചതെന്നും സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ യുവതി വെളിപ്പെടുത്തി. യുവതിയുടെ പരാതിയിൽ ബെംഗളൂരു പൊലീസ് വിവരങ്ങൾ തേടിയിട്ടുണ്ട്.
പാഴ്സൽ നൽകാനായി വീട്ടിലെത്തിയ ഡെലിവറി ഏജൻ്റ് ശുചിമുറി ഉപയോഗിക്കാൻ അനുമതി തേടിയെന്നും താൻ വിസ്സമ്മതിച്ചപ്പോൾ അതിക്രമിച്ചു കയറിയെന്നും യുവതി പറയുന്നു. താൻ പലതവണ മാന്യമായി നിരസിക്കുകയും അപരിചിതരെ ഫ്ലാറ്റിനുള്ളിൽ കയറ്റില്ലെന്ന് വ്യക്തമായി പറയുകയും ചെയ്തു. ഇതൊരു അടിയന്തര സാഹചര്യമായതുകൊണ്ട് തൊട്ടടുത്തുള്ള പുരുഷന്മാരായ അയൽക്കാരോട് ചോദിക്കാനും നിർദേശിച്ചു. എന്നാൽ താൻ പറഞ്ഞത് അവഗണിച്ച അയാൾ ചെരുപ്പ് ഊരിമാറ്റി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്ന് യുവതി പറയുന്നു.
ശുചിമുറിയിൽനിന്ന് പുറത്തിറങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങൾ തൻ്റെ നേർക്ക് കാട്ടിയെന്നും യുവതി പറയുന്നു. സ്വന്തം വീട്ടിൽ വെച്ച് കടുത്ത ഞെട്ടലും അപമാനവും സുരക്ഷിതത്വമില്ലായ്മയും തോന്നി. ഒരു സ്ത്രീ വേണ്ട എന്ന് പറഞ്ഞാൽ അത് അവസാനിക്കേണ്ടതായിരുന്നു. ഒരാളുടെ അതിരുകളെ അവഗണിക്കാനോ ബലമായി അവരുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറാനോ ആർക്കും ഒരവകാശവുമില്ലെന്നും യുവതി പോസ്റ്റിൽ വ്യക്തമാക്കി.
തൻ്റെ സുരക്ഷ ഓർത്ത് ഭയന്നുപോയെന്നും യുവതി പോസ്റ്റിൽ ചൂണ്ടിക്കാട്ടി. താൻ ഭയന്നുവിറച്ചിരുന്നു. തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുള്ളതിനാൽ ഫോൺ ക്യാമറ ഓൺ ചെയ്തുവെച്ചു, പ്രധാന വാതിൽ തുറന്നിട്ടു, എന്തെങ്കിലും സംഭവിച്ചാൽ സഹായത്തിനായി പുറത്തേക്ക് ഓടാമല്ലോ എന്ന് കരുതി പ്രവേശന കവാടത്തിന് സമീപം നിന്നു. സ്ത്രീകൾക്കെതിരായ ബലാത്സംഗ വാർത്തകൾ ദിവസവും കേൾക്കുന്നതാണെന്നും യുവതി പറഞ്ഞു.


