
മുംബൈ: ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരായി ചമഞ്ഞ് യാത്രക്കാരിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിച്ച മൂന്ന് സ്വകാര്യ കമ്പനി ജീവനക്കാരെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടി. സൽമാൻ ഇദ്രീസ് ഖാൻ (30), പ്രമോദ് ഛബ്ബൻ കാംബ്ലെ (28), ദർശിത് മോഹൻ റാവുത്ത് (32) എന്നിവരാണ് പിടിയിലായത്. ദുബായിൽ നിന്ന് 613-1456- വിമാനത്തിൽ എത്തിയ അബ്ദുൾ ബാഖി എന്ന യാത്രക്കാരൻ നൽകിയ പരാതിയിലാണ് സംഭവം പുറത്തറിയുന്നത്.
കസ്റ്റംസ് ക്ലിയറൻസിന് ശേഷമുള്ള ഭാഗത്ത് വെച്ച് മൂന്ന് പേർ തടഞ്ഞുനിർത്തി, തങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞു എന്നാണ് യാത്രക്കാരൻ്റെ മൊഴി. ഇവർ തങ്ങളുടെ എയർപോർട്ട് എൻട്രി പാസുകൾ തിരിച്ചറിയൽ രേഖയായി കാണിക്കുകയും ലഗേജ് പരിശോധിക്കുന്നതായി നടിക്കുകയും ചെയ്തു. ഉയർന്ന കസ്റ്റംസ് തീരുവ ഒഴിവാക്കാമെന്ന് പറഞ്ഞ് ഇവർ പണം ആവശ്യപ്പെട്ടതോടെയാണ് ചില സംശയങ്ങൾ ഉണ്ടായത് തുടര്‍ന്ന് പരാതി നൽകിയതോടെയാണ് ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തുവന്നത്.
പരാതി ലഭിച്ച ഉടൻ കസ്റ്റംസ് സൂപ്രണ്ട് സത്വിർ ഗുർജറും ഉദ്യോഗസ്ഥരായ യതീന്ദ്ര താക്കൂറും ചേർന്ന് പ്രതികളെ തടഞ്ഞുവെച്ച് കസ്റ്റംസ് ഹാളിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ, ഇവർ വിമാനത്താവളത്തിലെ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാരാണെന്നും യാത്രക്കാരുടെ ഭാഗത്ത് പ്രവേശിക്കാൻ അധികാരമില്ലാത്തവരാണെന്നും വ്യക്തമായി. വരുന്ന യാത്രക്കാരുടെ ഫോട്ടോകളും മറ്റ് വിവരങ്ങളും ഇവർക്ക് കൈമാറിയിരുന്നത് ഇവരുടെ കൂട്ടാളിയായ പ്രതീക് മഹാദിക് (35) ആണെന്നും തുടരന്വേഷണത്തിൽ കണ്ടെത്തി. സി.സി.ടി.വി. ദൃശ്യങ്ങളും ഇവരുടെ കുറ്റം സ്ഥിരീകരിച്ചു. പ്രതികളെ ആൾമാറാട്ടം, കവർച്ചാശ്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി തുടർനടപടികൾക്കായി സഹാർ പോലീസിന് കൈമാറി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam