ലോക്ക് ഡൗൺ ലംഘിക്കുന്നവരെ വെടിവച്ച് കൊല്ലും; മുന്നറിയിപ്പുമായി ഫിലിപ്പീൻസ് പ്രസിഡന്റ്

By Web TeamFirst Published Apr 2, 2020, 3:39 PM IST
Highlights

സർക്കാരിനെ അനുസരിക്കേണ്ടതാവശ്യമാണ്. കാരണം വളരെ ​ഗുരുതരമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. രാജ്യത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. 


മനില: രാജ്യത്ത് നിലവിലുള്ള ലോക്ക് ഡൗൺ ലംഘിച്ചാൽ വെടിവച്ച് കൊല്ലുമെന്ന് മുന്നറിയിപ്പ് നൽകി ഫിലീപ്പീൻ പ്രസിഡന്റ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട്ട്. ഇത് സംബന്ധിച്ച ഉത്തരവുകൾ പൊലീസ് ഉദ്യോ​ഗസ്ഥർക്കും സൈന്യത്തിനും നൽകിയിട്ടുണ്ടെന്നും അദ്ദഹം കൂട്ടിച്ചേർത്തു. കൂടാതെ ആരോ​ഗ്യ പ്രവർത്തകരെ ഉപദ്രവിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ ​ഗുരുതരമായ കുറ്റമായി കണക്കാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി ഫിലിപ്പീൻസിൽ ഒരു മാസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 'നിയമം ലംഘിക്കുന്നവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നവർക്കും ഇതൊരു മുന്നറിയിപ്പാണ്. സർക്കാരിനെ അനുസരിക്കേണ്ടതാവശ്യമാണ്. കാരണം വളരെ ​ഗുരുതരമായ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.' രാജ്യത്തെ അഭിസംബോധന ചെയ്യവേ അദ്ദേഹം വ്യക്തമാക്കി. 

'ആരോഗ്യപ്രവര്‍ത്തകരേയും ഡോക്ടര്‍മാരേയും ഏതെങ്കിലും രീതിയില്‍ ഉപദ്രവിക്കുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. ആരെങ്കിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എന്തുചെയ്യണമെന്നതിനെ കുറിച്ച്  സൈന്യത്തിനും പോലീസിനും ഞാൻ ഉത്തരവ് നൽകിയിട്ടുണ്ട്. അവരുടെ ജീവിതം അപകടത്തിലാകും. അവിടെ വെച്ച് തന്നെ വെടിവെച്ച് കൊല്ലും.' സര്‍ക്കാരിനെ ഭീഷണിപ്പെടുത്താനോ വെല്ലുവിളിക്കാനോ നിന്നാല്‍ നിങ്ങള്‍ പരാജയപ്പെടുമെന്ന് ഉറപ്പാണെന്നും  പ്രസിഡന്റ് പറഞ്ഞു.

ഫിലിപ്പീൻസിൽ ലോക്ക് ഡൗൺ ആരംഭിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതിനിടയിൽ  ഭക്ഷണവും ദുരിതാശ്വാസ സാമഗ്രികളും ലഭിക്കുന്നില്ലെന്നാരോപിച്ച് മനിലയിലെ ക്യൂസോണ്‍ സിറ്റിയിലെ ചേരിനിവാസികള്‍ റോഡുകളിലിറങ്ങി പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് റൊഡ്രിഗോ ഡ്യൂട്ടേര്‍ട് രാജ്യത്തെ അഭിസംബോധന ചെയ്തുക്കൊണ്ട് മുന്നറിയിപ്പ് നല്‍കിയത്. രാജ്യത്ത് ഇതുവരെ 2311 പേര്‍ക്ക് കൊറോണവൈറസ് സ്ഥിരീകരിക്കുകയും നൂറോളം പേർ മരിക്കുകയും ചെയ്തു. 

click me!