
ദില്ലി: 'രാത്രിയും പകലും ഉറക്കമില്ല. ഒന്നും കഴിക്കാന്‍ പോലുമാകുന്നില്ല. സങ്കടം മാത്രമേ ഉള്ളൂ...' - കൊച്ചി മുനമ്പത്തുനിന്ന് ബോട്ടില്‍ ഓസ്ട്രേലിയയിലേക്ക് പോയവരുടെ ഉറ്റവരുടെ വാക്കുകളാണിത്. മാസങ്ങള്‍ പിന്നിട്ടിട്ടും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് എന്ത് സംഭവിച്ചെന്നറിയാതെ വിങ്ങുകയാണ് ദില്ലി അംബേദ്കര്‍ നഗറിലെ കുറേ മനുഷ്യര്‍.
അംബേദ്കര്‍ നഗറിലെ സരസ്വതിയുടെ രണ്ടുമക്കളും മരുമക്കളും മറ്റു ബന്ധുക്കളുമടങ്ങുന്ന പത്തംഗ കുടുംബം ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് ജനുവരി 12 ന് മുനമ്പത്തു നിന്ന് പുറപ്പെട്ട മനുഷ്യ കടത്ത് സംഘത്തില്‍ ഓസ്ട്രേലിയയ്ക്ക് പോയത്. ഏജന്‍റിന് നല്‍കിയത് ആളൊന്നിന് മൂന്നു ലക്ഷം രൂപയാണ്. അഞ്ചുമാസത്തിനിപ്പുറം മക്കളുടെയും മരുമക്കളുടെയും പിഞ്ചു കുഞ്ഞുങ്ങളുടെയും ഫോട്ടോ ഇവിടെ എത്തുന്നവര്‍ക്കുമുന്നില്‍ നിരത്തി നിലവിളിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല സരസ്വതിയടക്കമുള്ള ഇവിടുത്തെ അമ്മമാര്‍ക്ക്.
ബോട്ടിലുണ്ടായിരുന്നത് പിഞ്ചു കുഞ്ഞുങ്ങളടക്കം 245 പേരാണ്. ഇതുവരെയും ബോട്ട് കണ്ടെത്താനായില്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചതോടെ സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യ സഹമന്ത്രി വി മുരളീധരനെ സമീപിക്കാനൊരുങ്ങുകയാണ് കോളനി വാസികള്‍.
ജനുവരി 12 ന് ദേവമാത എന്ന മത്സ്യ ബന്ധന ബോട്ടിലാണ് മുനമ്പത്തുനിന്ന് സംഘം പുറപ്പെട്ടത്. ശ്രീകാന്ത്, സെല്‍വനെന്നിവരായിരുന്നു മനുഷ്യക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികള്‍. ദില്ലി സ്വദേശികളായ പ്രഭു, രവി എന്നിവരായിരുന്നു ഇടനിലക്കാര്‍. പത്തുപേരെ മാത്രമാണ് എറണാകുളം റൂറല്‍ അഡീഷണല്‍ എസ്പി എം ജെ സോജന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് പിടികൂടാനായത്.
അതിലപ്പുറമൊന്നും കണ്ടെത്താനായില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. ബോട്ടെത്താനിടയുള്ള ന്യൂസിലന്‍റ്, ഓസ്ട്രേലിയ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വിവരം കൈമാറിയെങ്കിലും സൂചനയൊന്നും ലഭിച്ചില്ലെന്ന് വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതോടെ ദില്ലി അംബേദ്കര്‍ നഗറിലെ കാത്തിരിപ്പ് കൂട്ടക്കരച്ചിലിലേക്ക് വഴിമാറിയിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam