എവറസ്റ്റിൽ ജീവൻ വെടിഞ്ഞ ഹൈദരാബാദ് ടെക്കിക്കായി കുടുംബത്തിന്‍റെ തീരുമാനം; ഭൗതികശരീരം ഹിമാലയത്തിൽ തന്നെ ഉപേക്ഷിക്കും

Published : May 27, 2026, 05:49 PM IST
family decides to leave arun kumar tiwari body on mount everest

Synopsis

മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു

ബെംഗളൂരു: മൗണ്ട് എവറസ്റ്റ് കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ മരണപ്പെട്ട ഹൈദരാബാദ് സ്വദേശിയായ ഐടി പ്രൊഫഷണൽ അരുൺ കുമാർ തിവാരിയുടെ (53) ഭൗതികശരീരം എവറസ്റ്റ് കൊടുമുടിയിൽ തന്നെ ഉപേക്ഷിക്കാൻ കുടുംബം തീരുമാനിച്ചു. മലനിരകളോടുള്ള അദ്ദേഹത്തിന്റെ കടുത്ത പ്രണയവും ഹിമാലയത്തെക്കുറിച്ചുള്ള ആത്മീയ വിശ്വാസങ്ങളും മുൻനിർത്തിയാണ് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബം ഈ കഠിനമായ തീരുമാനമെടുത്തത്. ഹൈദരാബാദിലെ ഒരു പ്രമുഖ ഐടി കമ്പനിയിൽ ജോലിചെയ്യുകയായിരുന്ന അരുൺ കുമാർ തിവാരി, മുപ്പതുകളിലാണ് മലകയറ്റം ഒരു അഭിനിവേശമായി മാറ്റുന്നത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കിളിമഞ്ചാരോ, ഡെനാലി, കാഞ്ചൻജംഗ തുടങ്ങിയ പ്രശസ്തമായ കൊടുമുടികൾ അദ്ദേഹം വിജയകരമായി കീഴടക്കിയിരുന്നു. കൂടാതെ അർജന്റീനയിലും റഷ്യയിലും അദ്ദേഹം മലകയറ്റം നടത്തിയിട്ടുണ്ട്.

കഴിഞ്ഞ വർഷം (2025) 7,200 മീറ്റർ ഉയരത്തിൽ വെച്ച് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് അരുൺ കുമാറിന് എവറസ്റ്റ് ദൗത്യം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നിരുന്നു. ഇത്തവണ ലക്ഷ്യം പൂർത്തിയാക്കണമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു അദ്ദേഹം. മേയ് 21-ന് അദ്ദേഹം എവറസ്റ്റ് കൊടുമുടിയിൽ എത്തി ലക്ഷ്യം കൈവരിച്ചു. എന്നാൽ മലകയറ്റത്തിനിടയിൽ തന്നെ അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്ന അദ്ദേഹത്തോട് തിരികെ ക്യാമ്പിലേക്ക് മടങ്ങാൻ ഷെർപ്പ ഗൈഡുകൾ നിർദേശിച്ചിരുന്നെങ്കിലും, ലക്ഷ്യത്തിനരികെ എത്തിയതിനാൽ അദ്ദേഹം അത് നിരസിക്കുകയായിരുന്നു. കൊടുമുടി കീഴടക്കി തിരിച്ചിറങ്ങുന്നതിനിടെ, സമുദ്രനിരപ്പിൽ നിന്നും 8,790 മീറ്റർ ഉയരത്തിലുള്ള, അതീവ അപകടമേറിയ 'ഡെത്ത് സോൺ' (Death Zone) എന്ന് വിളിക്കപ്പെടുന്ന 'ഹിലരി സ്റ്റെപ്പിന്' (Hillary Step) സമീപം വെച്ച് അദ്ദേഹത്തിന്റെ ആരോഗ്യം വഷളാവുകയും മരണപ്പെടുകയുമായിരുന്നു.

അരുൺ കുമാറിന്റെ ഭൗതികശരീരം അവിടെത്തന്നെ ഉപേക്ഷിക്കാൻ കുടുംബം പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ശിവന്‍റെ വാസസ്ഥലവും ദേവഭൂമിയുമായ ഹിമാലയത്തെ അദ്ദേഹം അത്രമേൽ സ്നേഹിച്ചിരുന്നു. അദ്ദേഹം ഇപ്പോൾ ശിവന്‍റെ സന്നിധിയിൽ മലനിരകളുടെ ഭാഗമായിക്കഴിഞ്ഞു എന്ന് അദ്ദേഹത്തിന്റെ ഭാര്യാസഹോദരനായ സുധീർ ഉപാധ്യായ പറഞ്ഞു. മൈനസ് 63 ഡിഗ്രി തണുപ്പിൽ ഉറഞ്ഞുപോയ മൃതദേഹം മഞ്ഞിൽ നിന്ന് വെട്ടിയെടുക്കുമ്പോൾ എല്ലുകൾ പൊട്ടിപ്പോകാൻ സാധ്യതയുണ്ട്. കൂടാതെ സ്ലെഡ്ജിൽ കെട്ടിവലിച്ച് ക്യാമ്പ് 4-ൽ നിന്ന് ക്യാമ്പ് 1 വരെ എത്തിക്കുന്നത് മൃതദേഹത്തോട് ചെയ്യുന്ന അനാദരവായിരിക്കുമെന്ന് കുടുംബം കരുതുന്നു. അതീവ ദുഷ്കരമായ ഈ ദൗത്യത്തിൽ രക്ഷാപ്രവർത്തകരുടെ ജീവൻ കൂടി അപകടത്തിലാക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നും അവർ വ്യക്തമാക്കി.

അരുൺ കുമാറിനൊപ്പം ഇതേ ദിവസം എവറസ്റ്റ് ദൗത്യത്തിൽ പങ്കെടുത്ത സന്ദീപ് (47) എന്ന പർവതാരോഹകനും തിരിച്ചിറങ്ങുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ മൂലം മരണപ്പെട്ടിരുന്നു. ആന്ധ്രാപ്രദേശ് സ്വദേശിയും ബെംഗളൂരുവിൽ സ്ഥിരതാമസക്കാരനുമായ സന്ദീപ് ക്യാമ്പ് 2-ന് സമീപമാണ് മരണപ്പെട്ടത്. കുറഞ്ഞ ഉയരത്തിൽ വെച്ചായതിനാൽ അദ്ദേഹത്തിന്റെ ഭൗതികശരീരം താഴേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല, സ്ഥിരീകരിച്ച് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം; വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
ബെംഗളൂരുവിൽ എബോള സംശയത്തെ തുടർന്ന് നിരീക്ഷണത്തിലാക്കിയിരുന്ന യുവതിയുടെ പരിശോധന ഫലം നെഗറ്റീവ്