ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് ഫ്ലാറ്റിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയതായി യുവതിയുടെ പരാതി. ശുചിമുറി ഉപയോഗിച്ച ശേഷം പുറത്തിറങ്ങിയ ഇയാൾ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിച്ചെന്നും യുവതി പറയുന്നു. സംഭവം ഇന്റർനെറ്റിൽ വലിയ ചർച്ചയായിട്ടുണ്ട്.

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്ലിപ്കാർട്ട് ഡെലിവറി ഏജന്റ് യുവതിക്ക് നേരെ അതിക്രമം നടത്തിയെന്ന് പരാതി. ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ഏജന്റ് ഫ്ലാറ്റിലേക്ക് അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്നാണ് യുവതിയുടെ ആരോപണം. ഈ സംഭവം തന്നെ മാനസികമായി തളർത്തിയെന്നും പരാതിയിൽ പറയുന്നു. ഫ്ലിപ്കാർട്ടിൽ നിന്ന് ഓർഡർ ചെയ്ത സാധനവുമായി എത്തിയ ഡെലിവറി ഏജന്റിനെ ഫ്ലാറ്റിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ യുവതി വിസമ്മതിച്ചിരുന്നു. എന്നാൽ ഇത് വകവെക്കാതെ ഇയാൾ ബലമായി അകത്ത് കടക്കുകയായിരുന്നു. തുടർന്ന് ശുചിമുറി ഉപയോഗിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയത്. അപ്രതീക്ഷിതമായ ഈ പെരുമാറ്റത്തിൽ താൻ ആകെ ഭയന്നുപോയെന്നും യുവതി വെളിപ്പെടുത്തി. സംഭവം പുറത്തുവന്നതോടെ ഇന്റർനെറ്റിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമൂഹ മാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം

യുവതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹ മാധ്യമങ്ങളിൽ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയത്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ഡെലിവറി ഏജന്റുമാരുടെ വിശ്വാസ്യതയും സുരക്ഷയും വലിയ ചോദ്യചിഹ്നമായി മാറുന്നതായി പലരും ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കമ്പനികൾ കർശന നടപടി സ്വീകരിക്കണമെന്ന ആവശ്യവും ശക്തമാണ്. 

ഓൺലൈൻ ഷോപ്പിംഗ് വ്യാപകമായ കാലത്ത് വീടുകളിലേക്ക് എത്തുന്നവരിൽ നിന്ന് ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്കും പ്രായമായവർക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ആശങ്ക വർധിപ്പിക്കുകയാണ്. ഇത്തരം സംഭവങ്ങൾ ഒറ്റപ്പെട്ടതാണെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനികൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതാണ് ഈ സംഭവം.