
ആസാം: കഴിഞ്ഞ വർഷം പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്റെ പൂർണ്ണകായ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് കുടുംബാംഗങ്ങളും ഗ്രാമവാസികളും. ആസാമിലെ ബക്സയിലാണ് കേന്ദ്ര റിസർവ്വ് പൊലീസ് സേനയിലെ ഹെഡ്കോൺസ്റ്റബിളായിരുന്ന മനേശ്വർ ബസുമാറ്ററിയുടെ പ്രതിമ നിർമ്മിച്ചിരിക്കുന്നത്. ഗുവാഹത്തിയിൽ നിന്ന് 80 കിലോമീറ്റർ അകലെയുള്ള തമുൽപൂർ സ്വദേശിയായിരുന്നു ഇദ്ദേഹം. ബസുമാറ്ററിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും ചേർന്ന് പത്ത് ലക്ഷം രൂപ സമാഹരിച്ചാണ് ജവാന്റെ ബഹുമാനാർത്ഥം ഫൈബർ ഗ്ലാസ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്.
സിആർപിഎഫ് ഉദ്യോഗസ്ഥരും ജവാനും ചേർന്ന് പ്രതിമയിൽ പുഷ്പാർച്ചന നടത്തി. പ്രതിമ കാണുന്നവരെല്ലാം തന്റെ പിതാവിന്റെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബസുമാറ്ററിയുടെ മകൻ ധനജ്ഞയ് വ്യക്തമാക്കി. ''സർക്കാർ എല്ലാ വാഗ്ദാനങ്ങളും പാലിക്കുകയും ഞങ്ങളുമായി സമ്പർക്കം പുലർത്തുകയും ചെയ്യുന്നുണ്ട്. സിആർപിഎഫ് ഉദ്യോഗസ്ഥർ ഞങ്ങളുടെ ക്ഷേമത്തെക്കുറിച്ച് അന്വേഷിക്കാറുമുണ്ട്. എന്നാൽ ഞങ്ങൾക്ക് പ്രതീകാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആളുകൾ പ്രതിമ കാണുമ്പോൾ അവന്റെ കഥയെക്കുറിച്ച് അന്വേഷിക്കും. ഈ ഗ്രാമത്തിൽ നിന്നുള്ളയാളാണ് അദ്ദേഹം എന്ന് എല്ലാവരും അറിയും.'' ധനഞ്ജോയ് ബസുമാറ്ററി പറഞ്ഞു.
ഇത്തരം പ്രവർത്തനങ്ങൾ യുവാക്കളെ സായുധ സേനയിൽ ചേരാൻ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഗ്രാമവാസികൾ വ്യക്തമാക്കി. രാഷ്ട്രീയക്കാർ കാണാൻ വന്നാലും ഇല്ലെങ്കിലും പണം സ്വരൂപിച്ച് പ്രതിമ പണിയുമെന്ന് തങ്ങൾ തീരുമാനിച്ചിരുന്നതായി ജവാന്റെ ബന്ധുവായ കമൽ ബോറോ എൻഡിടിവിയോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam