ദില്ലിയില്‍ കൊവിഡ് മുക്തനായ 62 കാരനെ വീട്ടില്‍ കയറ്റാതെ കുടുംബം

By Web TeamFirst Published Jul 19, 2020, 10:44 AM IST
Highlights

കൊവിഡ് മുക്തനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും രണ്ട് മക്കളും പിതാവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല.
 

ദില്ലി: കൊവിഡ് രോഗമുക്താനായി ആശുപത്രിയില്‍ നിന്ന് മടങ്ങിയ 62 കാരനെ വീട്ടില്‍ പ്രവേശിക്കാനനുവദിക്കാതെ കുടുംബം. ദില്ലിയിലാണ് രോഗം ഭേദമായി തിരിച്ചെത്തിയിട്ടും വൃദ്ധനെ വീട്ടില്‍ കയറുന്നതില്‍ നിന്ന് ബന്ധുക്കള്‍ വിലക്കിയത്. 

കൊവിഡ് പരിശോധനാ ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ലോക്‌നായക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇയാള്‍. കൊവിഡ് മുക്തനായെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടും രണ്ട് മക്കളും പിതാവിനെ സ്വീകരിക്കാന്‍ തയ്യാറായില്ല. ദില്ലിയിലെ ആശുപത്രികളില്‍ സമാനമായ ദുരിതം അനുഭവിക്കുന്നവര്‍ ഉണ്ടോ എന്ന് വ്യക്തമാക്കാന്‍ ആംആദ്മി എംഎല്‍എ വിവരശേഖരണം ആരംഭിച്ചു. 

ആശുപത്രി അധികൃതര്‍ വീണ്ടും കുടുംബവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. പൊലീസ് ഇവരുടെ വീട്ടിലെത്തിയെങ്കിലും വീട് പൂട്ടിപ്പോയിരിക്കുകയാണ്. 

അദ്ദേഹത്തിന്റെ കുടുംബവുമായി സംസാരിച്ച് അവരെ അനുനയിപ്പിക്കുമെന്ന് എംഎല്‍എ പറഞ്ഞു. ഒരിക്കല്‍ രോഗമുക്തി നേടിയാല്‍ മറ്റുള്ളവര്‍ക്ക് ആ വ്യക്തി രോഗം പകരില്ലെന്ന് അവരെ ബോധ്യപ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു. കുടുംബത്തിനെതിരെ നിയമനടപടി സ്വീകരിക്കാനാകുമോ എന്ന് അന്വേഷിക്കുകയാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍കത്തു.

അധികനാള്‍ ആശുപത്രിയില്‍ തുടരാനാവില്ലെന്നും ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്നവരുടെ കണക്കെടുത്ത് ഭക്ഷണവും താമസവും നല്‍കി മാറ്റിപ്പാര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

click me!