
ദില്ലി: ഇന്ത്യയിൽ കർശന ഉപാധികളോടെ ജനസംഖ്യനിയന്ത്രണം നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ. തങ്ങൾക്ക് എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ദമ്പതികൾക്കുണ്ടെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. കുട്ടികളുടെ എണ്ണം എത്ര വേണമെന്ന തീരുമാനം സർക്കാർ ദമ്പതികളിൽ അടിച്ചേൽപിക്കുന്നത് ശരിയല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ സർക്കാർ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ നിർബന്ധിത ജനസംഖ്യനിയന്ത്രണം നടപ്പാക്കുന്നത് പലതരത്തിലുള്ള സാമൂഹിക അസമ്വതങ്ങൾക്ക് വഴി തുറക്കും. എത്ര കുട്ടികൾ വേണമെന്ന് തീരുമാനിക്കാനും അതിനനുസരിച്ച് കുടുംബാസൂത്രണം നടത്താനും വ്യക്തികൾക്ക് അവകാശവും അധികാരവും ഉണ്ടായിരിക്കും. ഭരണഘടന പ്രകാരം ആരോഗ്യക്ഷേമം സംസ്ഥാനസർക്കാരുകളുടെ അധികാര പരിധിയിൽ വരുന്നതാണെന്നും ഇക്കാര്യത്തിൽ സംസ്ഥാനങ്ങളുടെ നിലപാട് പ്രധാനപ്പെട്ടതാണെന്നും കേന്ദ്രസർക്കാർ വ്യക്തമാകുന്നു.
അഭിഭാഷകനും ബിജെപി നേതാവുമായ അശ്വിനി കുമാർ സമർപ്പിച്ച പൊതുതാത്പര്യ ഹർജിയിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. ദമ്പതികൾക്ക് പരമാവധി രണ്ട് കുട്ടികളെ പാടുള്ളൂ എന്ന തരത്തിൽ നിയമനിർമ്മാണം നടത്തണം എന്ന് ആവശ്യപ്പെട്ട് നേരത്തെ ദില്ലി ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിക്കപ്പെട്ടിരുന്നു. എന്നാൽ ഹൈക്കോടതി ഇതു തള്ളി. ഈ നടപടി ചോദ്യം ചെയ്താണ് അശ്വിനികുമാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam