
പഞ്ചാബ്: മകന്‍റെ സംസ്‌കാര ചടങ്ങുകളും മറ്റ് അന്ത്യക്രിയകളും പൂർത്തിയാക്കി ദിവസങ്ങൾക്ക് ശേഷം, മകൻ ജീവിച്ചിരിപ്പുണ്ടെന്ന വിവരമറിഞ്ഞ് ഞെട്ടലിലും ആശ്വാസത്തിലുമായിരിക്കുകയാണ് പഞ്ചാബിലെ കപൂർത്തലയിലുള്ള ഒരു കുടുംബം. മരിച്ചുവെന്ന് കരുതി മൃതദേഹം സംസ്‌കരിച്ച യുവാവ് ജയിലിൽ ജീവനോടെയുണ്ടെന്നാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കപൂർത്തല സ്വദേശിയായ രവി കുമാറിനെ ഓഗസ്റ്റ് 5-നാണ് വീട്ടിൽ നിന്ന് കാണാതാകുന്നത്. കുടുംബാംഗങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഓഗസ്റ്റ് 11-ന് ഇവർ കപൂർത്തല സിറ്റി പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
ഇതിനിടയിൽ, കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ ഒരു യുവാവിന്‍റെ മൃതദേഹത്തിന്‍റെ ചിത്രങ്ങൾ പോലീസ് കുടുംബത്തെ കാണിച്ചു. കുറച്ചു ദിവസങ്ങൾക്ക് ശേഷം കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് അത് രവി കുമാറിന്‍റെ മൃതദേഹമാണെന്ന് തെറ്റായി തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 13-ന് കുടുംബം മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
എന്നാൽ സെപ്റ്റംബർ 2-ന് കാര്യങ്ങൾ മാറിമറിഞ്ഞു. കപൂർത്തല സെൻട്രൽ ജയിലിലെ ജീവനക്കാരൻ രവി കുമാറിന്‍റെ കുടുംബത്തെ ഫോണിൽ വിളിച്ച്, രവി കുമാർ ജയിലിൽ ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ഒരു മാസം മുൻപ് സംശയാസ്പദമായ സാഹചര്യത്തിൽ ചുറ്റിത്തിരിഞ്ഞതിന് ജലന്ധർ പോലീസാണ് രവി കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നത്. വിവരമറിഞ്ഞ കുടുംബം അടുത്ത ദിവസം തന്നെ ജയിലിലെത്തുകയും രവി കുമാറിനെ നേരിട്ട് കണ്ട് അവൻ ജീവനോടെയുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam