'ഫാനി'യല്ല, 'ഫോനി' - ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്ത് നിന്ന് അകലുന്നു, ജാഗ്രതാ നിർദേശം തുടരും

By Web TeamFirst Published Apr 28, 2019, 1:34 PM IST
Highlights

'ഫാനി' എന്നല്ല 'ഫോനി' എന്നാണ് ഈ ചുഴലിക്കാറ്റിന്‍റെ പേര് ഉച്ചരിക്കേണ്ടത്. ഇന്ത്യൻ തീരത്ത് നിന്ന് അകലുന്ന ഈ ചുഴലിക്കാറ്റ് വടക്ക് കിഴക്കൻ ഭാഗത്തേക്ക് നീങ്ങുകയാണ് ഇപ്പോൾ. എന്നാൽ ജാഗ്രതാ നിർദേശം തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

തിരുവനന്തപുരം: ഫോനി ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തുനിന്ന് അകലാൻ സാധ്യത. വടക്കുകിഴക്ക് ദിശയിൽ കടലിലേക്ക് ഫോനി നീങ്ങാനിടയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. അതേസമയം,കേരളത്തിലടക്കം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത തുടരുന്നു.

'ഫാനി'യല്ല, 'ഫോനി'

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്‍റെ പേര് 'ഫോനി' എന്നാണ് ഉച്ചരിക്കേണ്ടതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. നിലവിൽ ശ്രീലങ്കയിലെ ട്രിങ്കോ മാലിയിൽ നിന്ന് 750 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്ക് മാറിയും ചെന്നൈയിൽ നിന്ന് 1080 കിലോമീറ്റർ തെക്ക് കിഴക്ക് മാറിയും ആന്ധ്രാപ്രദേശിൽ നിന്ന് 1265 തെക്ക് കിഴക്ക് മാറിയുമാണ് ഇപ്പോൾ ഫോനി ചുഴലിക്കാറ്റുള്ളത്. ഇത് അതി ശക്തമായ ചുഴലിക്കാറ്റായി അടുത്ത 12 മണിക്കൂറിലും ഉഗ്രശേഷിയുള്ള ചുഴലിക്കാറ്റായി അടുത്ത 24 മണിക്കൂറിലും മാറുമെന്നാണ് കണക്കുകൂട്ടൽ. 

ഇത് ഇന്ത്യൻ തീരത്ത് നിന്ന് പതുക്കെ അകലുകയാണെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നത്. എന്നാൽ പാതയിൽ മാറ്റം സംഭവിച്ചാലും ഭീതി ഒഴിയുന്നില്ല.

ഫാനി ഇപ്പോഴെവിടെയാണ്? കാണാം താഴെ:

(ഇത് ലോകമെമ്പാടുമുള്ള ചുഴലിക്കാറ്റുകളെയും ന്യൂനമർദ്ദങ്ങളെയും അടയാളപ്പെടുത്തുന്ന മാപ്പാണ്. അതിന്‍റെ തൽസ്ഥിതിയും ഈ സൈറ്റിലുണ്ടാകും. ഇന്ത്യയുടെ ഭാഗത്തേക്ക് കർസർ നീക്കിയാൽ 'ഫോനി'യുടെ സ്ഥാനം കാണാം, കൃത്യമായ ചുഴലിക്കാറ്റിന്‍റെ സ്ഥാനം അറിയാൻ സൂമിൻ ചെയ്യുക.)

ഇത് ഇന്ത്യയുടെ കിഴക്കൻ തീരത്ത് അതിശക്തായ കാറ്റിനും മഴയ്ക്കും കാരണമാകും. തമിഴ്‍നാട്ടിലും ആന്ധ്രയിലും കനത്ത ജാഗ്രതാ നിർദ്ദേശമാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഇവിടങ്ങളിൽ മുൻകരുതൽ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. ഫാനിയുടെ സഞ്ചാരപഥത്തിൽ കേരളം വരുന്നില്ലെങ്കിലും ജാഗ്രതാ നിർദ്ദേശം തുടരുകയാണ്.

അടുത്ത രണ്ട് ദിവസം ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കോട്ടയം മുതൽ വയനാട് വരെയുള്ള  എട്ട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഉൾക്കടലിൽ 60 കിലോമീറ്റർ വോഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പും തുടരുന്നുണ്ട്. ഉൾക്കടലിൽ ഉള്ള മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തീരത്ത് തിരിച്ചെത്തണമെന്നാണ് നിർദ്ദേശം.

click me!