'മൂന്ന് പേർ കർഷക നിയമത്തെ പിന്തുണയ്ക്കുന്നവർ, സർക്കാർ നിർദേശിച്ചതാണോ'? കോടതി നിയോഗിച്ച സമിതിക്കെതിരെ കോൺഗ്രസ്

By Web TeamFirst Published Jan 12, 2021, 4:25 PM IST
Highlights

പേരുകൾ സർക്കാർ നിർദേശിച്ചതാണോ എന്ന് വ്യക്തമാകണം. സർക്കാർ കുറുക്കുവഴികൾ തേടുകയാണ്. കേന്ദ്ര മന്ത്രിമാർക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണു ഗോപാൽ ചോദിച്ചു. 

ദില്ലി: കർഷക നിയമങ്ങളും സമരങ്ങളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച സമിതിക്കെതിരെ കോൺഗ്രസ്. സമരം ഒത്തുതീർപ്പാക്കാൻ സമിതിക്ക് സാധിക്കുമെന്ന് കരുതുന്നില്ലെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. സമിതി അംഗങ്ങളിൽ 3 പേർ നിയമത്തെ പിന്തുണയ്ക്കുന്നവരാണ്. പേരുകൾ സർക്കാർ നിർദേശിച്ചതാണോ എന്ന് വ്യക്തമാകണം. സർക്കാർ കുറുക്കുവഴികൾ തേടുകയാണ്. കേന്ദ്ര മന്ത്രിമാർക്ക് കഴിയാത്ത കാര്യം സമിതിക്ക് എങ്ങനെ സാധിക്കുമെന്നും വേണുഗോപാൽ ചോദിച്ചു. 

ബിൽ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റ് പ്രക്ഷുബ്ദമാകും. പ്രതിപക്ഷ പാർട്ടികൾ ഒരുമിച്ച് പ്രതിഷേധിക്കും. സുപ്രീം കോടതി ഇടപെടലിനെ കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ജനരോഷം കണക്കിലെടുത്തുള്ള ഇടപെടലാണ്. എന്നാൽ ഉത്തരവ് കർഷക സമരം അവസാനിപ്പിക്കാൻ പര്യാപ്തമല്ലെന്നും ജനാധിപത്യ വിരുദ്ധനിയമം പിൻവലിക്കണമെന്നതാണ് കർഷകരുടെ നിലപാടെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു. 

കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതി സ്റ്റേ: വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനം

സുപ്രീം കോടതി നിയോഗിച്ച നാലംഗ സമിതിയിൽ ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ് ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണുള്ളത്. ഇവരിൽ പലരും കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണെന്ന് കർഷക സംഘടനകളും പ്രതികരിച്ചിട്ടുണ്ട്. 

വിവാദ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നതിന് സുപ്രീം കോടതിയിടപെട്ട് ഇന്ന് സ്റ്റേ ചെയ്യുകയായിരുന്നു. നിയമത്തിനെതിരെ കര്‍ഷക സംഘടനകൾ സമരം കടുപ്പിച്ച സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ അസാധാരണ ഇടപെടൽ. വിവാദ നിയമങ്ങളെ കുറിച്ചും കര്‍ഷകര്‍ സമരം നടത്തുന്ന സാഹചര്യവും നാലംഗ സമിതി പരിശോധിക്കും. ആ റിപ്പോര്‍ട്ട് കോടതി പരിഗണിക്കും. അത് വരെ കാര്‍ഷിക നിയമ ഭേദഗതി നടപ്പാക്കുന്നത് മരവിപ്പിക്കുകയാണെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്. 

കാര്‍ഷിക നിയമ ഭേദഗതിയുടേയും കര്‍ഷക സംഘടനകളുടെ പ്രതിഷേധത്തിന്‍റേയും പശ്ചാത്തലത്തിൽ ഫയൽ ചെയ്ത ഒരു കൂട്ടം ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന് മുന്നിൽ എത്തിയത്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്ന പരിഹാരത്തിന് ശ്രമിക്കുകയാണെന്ന നിലപാടാണ് കേസുകൾ പരിഗണിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് കൈക്കൊണ്ടത്. പാര്‍ലമെന്‍റ് പാസാക്കിയ നിയമത്തിൽ ഇടപെടുന്നതിന് സുപ്രീം കോടതിക്ക് പരിമിതികളുണ്ട്. നിയമം അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ച് നിര്‍ത്താനാകില്ലെന്നും കോടതി പറഞ്ഞു


 

click me!