'കാർഷികനിയമം രണ്ട് വർഷത്തേക്ക് മരവിപ്പിക്കണം, സമര ശേഷം പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു': അമരീന്ദർ സിംഗ്

By Web TeamFirst Published Feb 21, 2021, 8:31 AM IST
Highlights

സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു എന്നും അമരീന്ദർ സിംഗ് ആരോപിച്ചു. 

ദില്ലി: കർഷകസമരം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്. നിലവിലെ സാഹചര്യത്തിൽ കാർഷികനിയമങ്ങൾ രണ്ടു വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് മുഖ്യമന്ത്രി മുന്നോട്ട് വെക്കുന്ന നിർദ്ദേശം. സമരത്തിനു ശേഷം പാക്കിസ്ഥാനിൽ നിന്നും പഞ്ചാബിലേക്ക് ആയുധങ്ങൾ ഒഴുകുന്നു എന്നും അമരീന്ദർ സിംഗ് ആരോപിച്ചു. 

രാജ്യവ്യാപക മഹാപാഞ്ചായത്തുകൾ പ്രഖ്യാപിച്ചതിന് പിന്നാലെ സമരം സംയുക്ത കിസാൻ മോർച്ച കൂടുതൽ ശക്തമാക്കി. ചർച്ച സംബന്ധിച്ച് കേന്ദ്രം ഇതുവരെ നിലപാട് വ്യക്തമാക്കാത്ത സാഹചര്യത്തിൽ സർക്കാരിൽ നിന്ന് ഏതെങ്കിലും നീക്കുപോക്കുണ്ടെങ്കിൽ മാത്രം ചർച്ചക്ക് തയ്യാറായാൽ മതിയെന്നാണ് സംഘടനകളുടെ തീരുമാനം.

കേരളമടക്കം തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും മഹാപഞ്ചായത്തുകൾ നടത്തുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. 
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി നേതൃത്വം നൽകുന്ന കിസാൻ മഹാപഞ്ചായത്തുകൾ യുപിയിൽ തുടരുകയാണ്. ദില്ലി മുഖമന്ത്രി അരവിന്ദ് കെജ്‌രിവാൾ ഇന്ന് കർഷകരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ക്ഷണം ലഭിച്ചിട്ടില്ലെന്നും സംഘടനകൾ വ്യക്തമാക്കി. അതേസമയം ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് അക്രമണത്തിൽ പങ്കെടുത്തെന്ന് ആരോപിക്കുന്ന ഇരുപത് പേരുടെ ചിത്രങ്ങൾ ദില്ലി പൊലീസ് പുറത്തു വിട്ടു. 

click me!