'കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല'; ചര്‍ച്ച തുടരാന്‍ തയ്യാറെന്ന് കേന്ദ്ര കൃഷിമന്ത്രി

By Web TeamFirst Published Jul 8, 2021, 7:28 PM IST
Highlights

 എപിഎംസികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കും.

ദില്ലി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും കര്‍ഷകരുമായി ചര്‍ച്ച തുടരാന്‍ തയ്യാറെന്നും കേന്ദ്രമന്ത്രി നരേന്ദ്രസിംഗ് തോമര്‍. രണ്ടാം മോദി സര്‍ക്കാരിന്‍റെ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തിന് പിന്നാലെയാണ് പ്രതികരണം. എപിഎംസികൾ വഴി ഒരു ലക്ഷം കോടി രൂപ കർഷകർക്ക് നൽകുമെന്ന് മന്ത്രി അറിയിച്ചു. നാളികേര ബോർഡ് പുനഃസംഘടിപ്പിക്കും. അധ്യക്ഷസ്ഥാനത്ത് കർഷക സമൂഹത്തിൽ നിന്നുള്ളയാളെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധ നടപടികൾക്കായി 23000 കോടി രൂപ അനുവദിക്കുമെന്നും നരേന്ദ്രസിംഗ് തോമര്‍ അറിയിച്ചു. 

കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട് എന്നിവയാണ് രണ്ടാം മോദി സര്‍ക്കാരിന്‍റെ പുനസംഘടനയ്ക്ക് ശേഷമുള്ള ആദ്യ മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായത്. അതേ സമയം പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ മന്ത്രിമാര്‍ക്ക്  അസംതൃപ്തിയുണ്ടെന്നാണ് വിവരം. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായ ക ചുമതല ഇവര്‍ക്ക് നല്‍കിയേക്കും. മന്ത്രിസഭ പുനസംഘടനക്ക് പിന്നാലെ പാര്‍ട്ടിയിലും  ഉടന്‍ അഴിച്ചുപണി നടക്കുമെന്നാണ്  അറിയുന്നത്.

click me!