മന്ത്രിമാർ ചുമതലയേറ്റു, പുനസംഘടനയ്ക്ക് ശേഷമുള്ള രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം തുടരുന്നു

By Web TeamFirst Published Jul 8, 2021, 6:31 PM IST
Highlights

പുനസംഘടിപ്പിക്കപ്പെട്ട രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ദില്ലിയില്‍ തുടരുന്നു. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട്.

ദില്ലി: പുനസംഘടിപ്പിക്കപ്പെട്ട രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗം ദില്ലിയില്‍ തുടരുന്നു. കൊവിഡ് മൂന്നാം തരംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പ് , സാമ്പത്തിക പ്രതിസന്ധി, കര്‍ഷക സമരത്തിലെ നിലപാട്. ആദ്യ മന്ത്രിസഭ യോഗത്തില്‍ രാജ്യം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ചയാകും. പ്രത്യേക അജണ്ട നിശ്ചയിച്ചിട്ടില്ലാത്ത യോഗം സര്‍ക്കാരിന്‍റെ മുന്‍പോട്ടുള്ള കര്‍മ്മ പദ്ധതികളെ കുറിച്ചും ചര്‍ച്ച ചെയ്തേക്കും. ഇന്ന് തന്നെ ചേരുന്ന മന്ത്രിസഭയുടെ സമ്പൂര്‍ണ്ണയോഗവും ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും.

പുതിയ മന്ത്രിമാര്‍ വിവിധ മന്ത്രാലയങ്ങളിലെത്തി ചുമതലയേറ്റു. ടൂറിസം മന്ത്രി കിഷന്‍ റെഡ്ഡി പൂജ  നടത്തി  ചുമതലയേറ്റപ്പോള്‍, മന്ത്രിക്കസേരയില്‍ ജപിച്ച ചരട് കെട്ടിയ ശേഷമാണ് ആരോഗ്യമന്ത്രി മന്‍സൂക് മാണ്ഡവ്യ പുതിയ ദൗത്യം ഏറ്റെടുത്തത്. കര്‍ഷകരുമായി ചര്‍ച്ച നടത്താമെന്ന കേന്ദ്ര നിലപാട് കൃഷിമന്ത്രി ശോഭ കരന്തലജെ ആവര്‍ത്തിച്ചപ്പോള്‍ രാജ്യത്തെ യുവാക്കള്‍ക്ക് തൊഴിലവസരം ഒരുക്കാന്‍ ഐടി മന്ത്രാലയത്തിലെ ചുമതല  വിനിയോഗിക്കുമെന്ന് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.  

അതേ സമയം പുനസംഘടനയില്‍ ഒഴിവാക്കപ്പെട്ട പ്രമുഖ മന്ത്രിമാര്‍ക്ക്  അസംതൃപ്തിയുണ്ടെന്നാണ് വിവരം. പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് മാത്രമാണ് രവിശങ്കര്‍ പ്രസാദ്, പ്രകാശ് ജാവദേക്കര്‍ തുടങ്ങിയ നേതാക്കളെ ഒഴിവാക്കിയ വിവരം അറിയിച്ചതെന്നാണ് സൂചന. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിര്‍ണ്ണായ ക ചുമതല ഇവര്‍ക്ക് നല്‍കിയേക്കും. മന്ത്രിസഭ പുനസംഘടനക്ക് പിന്നാലെ പാര്‍ട്ടിയിലും  ഉടന്‍ അഴിച്ചുപണി നടക്കുമെന്നാണ്  അറിയുന്നത്.

click me!