സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു; മരണം നാലായി

By Web TeamFirst Published Jan 9, 2021, 10:38 PM IST
Highlights

കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം നാളെ ചേരും. 
 

ദില്ലി: സിംഗുവില്‍ സമരം ചെയ്യുന്ന ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. പഞ്ചാബില്‍ നിന്നുള്ള അമരീന്ദര്‍ സിംഗ് ആണ് ജീവനൊടുക്കിയത്. വിഷം കഴിച്ചാണ് ആത്മഹത്യ. ഇതോടെ സിംഗുവില്‍ ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം നാലായി. അതേസമയം കേന്ദ്ര സർക്കാരുമായുള്ള ചർച്ചയിൽ പങ്കെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കർഷക സംഘടനകളുടെ നിർണായക യോഗം നാളെ ചേരും. 

ഉച്ചയ്ക്ക് രണ്ടു മണിക്ക് സിംഗുവിലാണ് യോഗം ചേരുക. സമരത്തിലുള്ള എല്ലാ സംഘടനകളും യോഗത്തിൽ പങ്കെടുക്കണമെന്ന് സമരസമിതി അറിയിച്ചു. മുന്നോട്ട് സർക്കാരുമായി സഹകരണത്തിന്‍റെ കാര്യത്തിലും തീരുമാനമുണ്ടാകും. കഴിഞ്ഞ ചർച്ചയിൽ സർക്കാർ നിഷേധാത്മകമായ നിലപാടാണ് സ്വീകരിച്ചതെന്നാണ് കർഷക സംഘടനകളുടെ അഭിപ്രായം. 

ജനുവരി 26 നുള്ള ട്രാക്ടർ മാർച്ച് സംബന്ധിച്ചുള്ള വിലയിരുത്തലും ചർച്ചയിൽ ഉണ്ടാകും. മകര സംക്രാന്തി ദിനത്തിൽ കാർഷിക ബില്ലുകൾ കത്തിച്ച് ഉത്സവം ആഘോഷിക്കാൻ കർഷക സംഘടനകള്‍ ആഹ്വാനം ചെയ്തു. ഇതിനിടെ നടി സ്വര ഭാസ്കർ അടക്കമുള്ളവർ  ഇന്നലെ സിംഗുവിൽ  കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് സമരപന്തലിൽ എത്തി.

click me!