ദീര്‍ഘ നേരമായി വീട്ടില്‍ വൈദ്യുതി തകരാറ്; ഇലക്ട്രിസിറ്റി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കര്‍ഷകന്‍ അറസ്റ്റില്‍

By Web TeamFirst Published Jul 27, 2021, 2:46 PM IST
Highlights

മാവല്‍ താലൂക്കിലെ അംബി ഗ്രാമത്തിലെ വൈദ്യുതി തകരാറ് പരിഹരിക്കാനായി ബൈക്കില്‍ പോവുകയായിരുന്ന ഉജ്യോഗസ്ഥനേയാണ് തട്ടിക്കൊണ്ട് പോയത്.

വീട്ടിലും കൃഷി സ്ഥലത്തും വൈദ്യുതി സംബന്ധിച്ച തകരാറുകള്‍ പതിവായതിന് പിന്നാലെ പരിഹാരം കാണാന്‍ ഇലക്ട്രിസിറ്റി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കര്‍ഷകന്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെയിലെ മാവല്‍ എന്ന സ്ഥലത്താണ് സംഭവമുണ്ടായത്. മഹാരാഷ്ട്ര സ്റ്റേറ്റ് ഇക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ ജീവനക്കാരനെയാണ് 40 കാരനായ കര്‍ഷകന്‍ തട്ടിക്കൊണ്ട് പോയത്. പ്രകാശ് ഡാരേക്കറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തതത്.

ജൂലൈ 24ന്  ഉച്ച കഴിഞ്ഞ് 3 മണിയോടെ പ്രകാശ് എംഎസ്ഇഡിസിഎല്ലിന്‍റെ മുതിര്‍ന്ന ജീവനക്കാരനെ കമ്പുപയോഗിച്ച് മര്‍ദ്ദിക്കുമെന്ന് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയത്. മാവല്‍ താലൂക്കിലെ അംബി ഗ്രാമത്തിലെ വൈദ്യുതി തകരാറ് പരിഹരിക്കാനായി ബൈക്കില്‍ പോവുകയായിരുന്ന ഉജ്യോഗസ്ഥനേയാണ് തട്ടിക്കൊണ്ട് പോയത്. നാല്‍പ്പത്തിനാലുകാരനായ പ്രവീണ്‍ മഭൂക്കര്‍ ജംബൂല്‍ക്കറിനെയാണ് പ്രകാശ് തട്ടിക്കൊണ്ട് പോയത്. അംബി ഗ്രാമവാസി തന്നെയാണ് പ്രകാശും. വഴിയില്‍ തടഞ്ഞ ശേഷം വടികൊണ്ട് കയ്യില്‍ അടിക്കുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തായിരുന്നു തട്ടിക്കൊണ്ടുപോകല്‍.

കനത്ത മഴയ്ക്ക് പിന്നാലെ അംബി ഗ്രാമത്തില്‍ കുറച്ചധികം സമയമായി വൈദ്യുതി തകരാറുണ്ടായിരുന്നു. പ്രകാശിന്‍റെ വീട്ടിലെത്തി തകരാറ് പരിഹരിച്ച ശേഷമാണ് പ്രവീണിനെ വിട്ടയച്ചത്. ഗ്രാമത്തില്‍ നിന്ന് മടങ്ങിയതിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തി പ്രവീണ്‍ പരാതി നല്‍കുകയായിരുന്നു. സര്‍ക്കാരുദ്യോഗസ്ഥനെ കര്‍ത്തവ്യം ചെയ്യുന്നതില്‍ തടസപ്പെടുത്തിയതിനും അന്യായമായി തടങ്കലില്‍ വച്ചതിനും തട്ടിക്കൊണ്ട് പോയതിനും ശാരീരികമായി അക്രമിച്ചതിനുമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച രാവിലെയാണ് കര്‍ഷകനെ അറസ്റ്റ് ചെയ്തത്. 


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 
 

click me!