മകൾക്ക് ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഏകവരുമാന മാർ​ഗമായ പശുവിനെ വിറ്റ് കർഷകൻ

By Web TeamFirst Published Jul 24, 2020, 1:11 PM IST
Highlights

ഹിമാചൽപ്രദേശിലെ കാം​ഗ്ര ജില്ലയിൽ നിന്നുള്ള ഇയാൾ മകൾക്ക് സ്മാർട്ട് ഫോൺ വാങ്ങാനും സ്കൂൾ ഫീസ് അടയ്ക്കാനും വേണ്ടിയാണ്  പശുവിനെ വിറ്റത്. 
 

ഷിംല: കൊറോണ വൈറസ് വ്യാപനവും അതിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണും ദരിദ്രരായ ജനങ്ങളെ വീണ്ടും ദുരിതത്തിലേക്കാണ് എത്തിച്ചത്. ജനങ്ങളുടെ സാമ്പത്തിക സ്ഥിതിയും കുട്ടികളുടെ വിദ്യാഭ്യാസവുമെല്ലാം താറുമാറായ അവസ്ഥയിലാണ്. ഏകവരുമാന മാർ​ഗമായ പശുവിനെ വിറ്റാണ് കുൽദീപ് കുമാർ എന്ന കർഷകൻ മകൾക്ക് ഓൺലൈൻ വിദ്യാഭ്യാസം സാധ്യമാക്കാനൊരുങ്ങുന്നത്. ഹിമാചൽപ്രദേശിലെ കാം​ഗ്ര ജില്ലയിൽ നിന്നുള്ള ഇയാൾ മകൾക്ക് സ്മാർട്ട് ഫോൺ വാങ്ങാനും സ്കൂൾ ഫീസ് അടയ്ക്കാനും വേണ്ടിയാണ്  പശുവിനെ വിറ്റത്. 

സ്കൂളുകൾ ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് മാറിയ സാഹചര്യത്തിൽ മകൾക്ക് സ്മാർട്ട് ഫോൺ വാങ്ങി നൽകാനുള്ള പണം കുൽദീപിന്റെ പക്കൽ ഉണ്ടായിരുന്നില്ല. കൊവിഡ് രൂക്ഷമായ സാഹചര്യത്തിലും മകളുടെ വി​ദ്യാഭ്യാസത്തിന് തടസ്സം സംഭവിക്കരുതെന്ന് മാത്രമേ കുൽദീപ് ആ​ഗ്രഹിച്ചുള്ളൂ. രണ്ടരമാസം മുമ്പ് പലിശക്കാരനിൽ നിന്ന് പണം വാങ്ങി ഫോൺ വാങ്ങിയിരുന്നു. എന്നാൽ പണം തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ട് അയാൾ സമ്മർദ്ദം ചെലുത്തിയപ്പോൾ പശുവിനെ വിൽക്കുകയല്ലാതെ മറ്റ് മാർ​ഗങ്ങളൊന്നുമുണ്ടായിരുന്നില്ല. 

കുൽദീപിന്റെ അവസ്ഥ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് ഇദ്ദേഹത്തെ സഹായിക്കാമെന്ന് സംസ്ഥാന ഭരണകൂടം വാ​ഗ്ദാനം നൽകിയിരുന്നു. പശുവിനെ വാങ്ങിക്കൊടുക്കാമെന്ന് അധികൃതർ പറഞ്ഞെങ്കിലും കുൽദീപ് നിരസിക്കുകയാണുണ്ടായതെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു. തകർന്ന അവസ്ഥയിലുള്ള തന്റെ വീട് കേന്ദ്ര പദ്ധതിയിലുൾപ്പെടുത്തി നവീകരിച്ചു തരുമോയെന്നും കുടുംബത്തെ ദാരിദ്ര്യ രേഖയ്ക്ക് താഴെ ഉൾപ്പെടുത്താമോ എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. 

'മൂന്നാല് മാസങ്ങൾക്ക് മുമ്പ് മകളുടെ ഓൺലൈൻ വിദ്യാഭ്യാസ ആവശ്യത്തിനായി സ്മാർട്ട് ഫോൺ വാങ്ങാൻ തീരുമാനിച്ചു. പലിശക്കാരനിൽ നിന്ന് കടം വാങ്ങിയാണ് അദ്ദേഹം ഫോൺ വാങ്ങിയത്. എന്നാൽ പണം തിരികെ കൊടുക്കാൻ പലിശക്കാർ ആവശ്യപ്പെട്ടപ്പോൾ അദ്ദേഹ പശുവിനെ വിറ്റു. ജില്ലാ ഭരണകൂടം അദ്ദേഹത്തിന്റെ അവസ്ഥയറിഞ്ഞ് സഹായിക്കാൻ തയ്യാറായിട്ടുണ്ട്. പശുവിനെ വാങ്ങിക്കൊടുക്കാമെന്ന നിർദ്ദേശം അദ്ദേഹം നിരസിച്ചു. മറിച്ച് അദ്ദേഹത്തെ വീട് നവീകരിച്ചു കൊടുക്കാനും ബിപിഎൽ പട്ടികയിൽ ഉൾപ്പെടുത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. അ​ദ്ദേഹത്തെ സഹായിക്കാമെന്ന് ഭരണകൂടം ഉറപ്പ് നൽകിയിട്ടുണ്ട്.' മുതിർന്ന റവന്യൂ ഉദ്യോ​ഗസ്ഥനായ ജ​ഗദീശ് ശർമ്മ ഈ കുടുംബത്തെ സന്ദർശിച്ചതിന് ശേഷം പറഞ്ഞു. 

കെട്ടാൻ സ്ഥലമില്ലാത്തതിനാലാണ് പശുവിനെ വേണ്ട എന്നദ്ദേഹം പറഞ്ഞതെന്ന് സ്ഥലം സന്ദർശിച്ച ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തനിക്ക് രണ്ട് പശുക്കളുണ്ടെന്നും അതിനാലാണ് പശുവിനെ വേണ്ടെന്ന് പറഞ്ഞതെന്നും കുൽദീപ് പറഞ്ഞു. കഴിഞ്ഞ മാസം പഞ്ചാബിൽ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. 

click me!