'ഇത് പ്രതികാര നടപടി'; എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍

By Web TeamFirst Published Jan 17, 2021, 5:23 PM IST
Highlights

ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ  ശ്രമമെങ്കില്‍ തുടർ ചർച്ചകളിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍.
 

ദില്ലി: കര്‍ഷക സമരനേതാക്കളെ ലക്ഷ്യമിട്ടുള്ള എന്‍ഐഎ അന്വേഷണത്തിനെതിരെ കര്‍ഷക സംഘടനകള്‍. പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് മറ്റന്നാള്‍ കേന്ദ്രമന്ത്രിമാരുമായുള്ള ചര്‍ച്ചയില്‍ ആവശ്യപ്പെടും. ദേശീയ അന്വേഷണ ഏജന്‍സിയെ ഉപയോഗിച്ച് സമരത്തെ ദുര്‍ബലപ്പെടുത്താനാണ് കേന്ദ്രസർക്കാർ  ശ്രമമെങ്കില്‍ തുടർ ചർച്ചകളിൽ സഹകരിക്കില്ലെന്ന നിലപാടിലാണ് സംഘടനകള്‍.

ഇക്കാര്യം പത്താമത്തെ ചര്‍ച്ചയില്‍ സംഘടനകള്‍ വ്യക്തമാക്കും. കര്‍ഷക സമരത്തിന് നിരോധിത സംഘടനയായ സിഖ്സ് ഫോര്‍ ജസ്റ്റിസിന്‍റെ ഫണ്ട് ലഭിക്കുന്നുണ്ടെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ആരോപണമാണ് എന്‍ഐഎ അന്വേഷിക്കുന്നത്. ഇതിന്‍റെ പേരില്‍ കര്‍ഷക നേതാക്കള്‍ അടക്കം നാല്‍പ്പതിലധികം പേരോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുള്ളത്. നോട്ടിസ് ലഭിച്ച പലരും എന്‍ഐഎയ്ക്ക് മുന്‍പാകെ ഹാജരായിട്ടില്ല. 

അതേസമയം, നേരത്തെ പ്രഖ്യാപിച്ച ട്രാക്ടര്‍ റാലിയോട് അനുബന്ധിച്ച് ചെങ്കോട്ടയില്‍ ത്രിവര്‍ണ പതാക ഉയര്‍ത്തുമെന്ന് ഉള്‍പ്പെടെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്ന് സംഘടനകള്‍ അറിയിച്ചു. വിദഗ്ധ സമിതിയില്‍ നിന്ന് ഭൂപീന്ദര്‍സിങ് മന്‍ പിന്മാറിയതിനാല്‍ സമിതി പുനസംഘടിപ്പിക്കണം എന്നാണ്  സുപ്രീംകോടതിയെ സമീപിച്ച ഭാരതീയ കിസാന്‍ യൂണിയന്‍ ലോക്ശക്തി വിഭാഗത്തിന്‍റെ ആവശ്യം. 

നിലവില്‍ സമിതിയിലുള്ളവര്‍ നിഷ്‍പക്ഷരല്ല, അതിനാല്‍ സ്വതന്ത്ര നിലപാടുള്ളവരെ ഉള്‍പ്പെടുത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് നാളെ പരിഗണിക്കാനിരിക്കെ സമിതിയിലുണ്ടായ ഒഴിവിന്‍റെ കാര്യത്തിലും കോടതി തീരുമാനമെടുത്തേക്കും. 

click me!