കസ്റ്റഡി, അറസ്റ്റ്, വീട്ടുതടങ്കൽ, കർഷകസമരത്തിൽ വ്യാപക പൊലീസ് നടപടി, ദില്ലി വളയാൻ കർഷകർ

By Web TeamFirst Published Dec 8, 2020, 1:54 PM IST
Highlights

പൊലീസും കേന്ദ്രസർക്കാരും കർഷക സമരത്തിനെതിരെ നലപാട് കടുപ്പിക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്.

ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമത്തിനെതിരായ കർഷക സംഘടകളുടെ ഭാരത് ബന്ദിനിടെ ഇടത് നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിൽ.  സമരത്തിൽ മുന്നിലുണ്ടായിരുന്ന സിപിഎം നേതാവ് കെ കെ രാഗേഷ് എംപി, കിസാൻ സഭ അഖിലേന്ത്യാ നേതാവ് പി കൃഷ്ണപ്രസാദ്, മറിയം ധാവളെ എന്നിവരെ ബിലാസ് പൂരിൽ നിന്നും അറസ്റ്റ് ചെയ്തു. സിപിഎം കേന്ദ്രകമ്മിറ്റി അംഗം അരുൺ മേത്തയെ ഗുജറാത്തിൽ അറസ്റ്റു ചെയ്തു. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.

സിപിഎം പിബി അംഗം സുഭാഷിണി അലിയുടെ യുപി കാൺപൂരിലെ വസതിക്ക് മുന്നിൽ വൻ പൊലീസ് സന്നാഹമാണുള്ളത്. വീട്ടു തടങ്കലിലാണുള്ളതെന്ന് സുഭാഷിണി അലി പ്രതികരിച്ചു. തമിഴ്നാട്ടിലെ കർഷക നേതാവ്  അയ്യാകണ്ണിന്റെ വീടിന് ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിച്ചു. മൂന്ന് ദിവസമായി വീട്ടുതടങ്കലിലാണെന്ന് അയ്യാകണ്ണ് വ്യക്തമാക്കിയിട്ടുണ്ട്. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച നൂറിലധികം കർഷകരെ തിരുച്ചിറപ്പള്ളിയിലും മധുരയിലും പൊലീസ് തടഞ്ഞിരിക്കുകയാണ്. ഉത്തർപ്രദേശിൽ കോൺഗ്രസ് പ്രവർത്തകരെ വ്യാപകമായി അറസ്റ്റ് ചെയ്യുന്നുവെന്ന് വ്യക്തമാക്കി പ്രിയങ്ക ഗാന്ധി രംഗത്തെത്തി.

പൊലീസും കേന്ദ്രസർക്കാരും കർഷക സമരത്തിനെതിരെ നലപാട് കടുപ്പിക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്ന നേതാക്കളെയും സമര മുഖത്ത് നിൽക്കുന്ന നേതാക്കളെയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. കേന്ദ്ര സർക്കാരിന്റെ ജനാധിപത്യവിരുദ്ധ നടപടിയുടെയുടെ ഭാഗമാണ് അറസ്റ്റെന്ന് ബിനോയ് വിശ്വം എംപി ഏഷ്യാനെറ്റ് ന്യൂസിനോട്  പ്രതികരിച്ചു. സമരത്തെ അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. അത് നടക്കില്ല. രാജ്യത്തിന്റെ അന്നദാതാക്കളാണ് കർഷകരെന്നും അവരുടെ രോഷത്തെ മനസിലാക്കി കേന്ദ്രം അനുകൂല നടപടിയെടുക്കുകയാണ് വേണ്ടതെന്നും സിപിഎം പിബി അംഗം എസ് രാമചന്ദ്രൻ പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

കർഷകസമരത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകൾക്കും ഓഫീസുകൾക്കും ചുറ്റും പൊലീസിന്‍റെ അപ്രഖ്യാപിത ഉപരോധം നിലനിൽക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്  ആം ആദ്മി പാർട്ടി രംഗത്തെത്തി. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷകസമരനേതാക്കളെ കാണാൻ പോയി തിരികെ എത്തിയതിന് പിന്നാലെയാണ് കെജ്‍രിവാളിനെ വീട്ടിതടങ്കലിൽ വെച്ചിരിക്കുന്നതെന്നാണ് ആംആദ്മി ആരോപണം. 

അതിനിടെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് വിവിധ സംസ്ഥാനങ്ങളിൽ ഓട്ടോ, ടാക്സി ഡ്രൈവർമാർ സർവ്വീസ് നിർത്തിവെച്ചിരിക്കുകയാണ്. ബന്ദിന് ഐക്യദാർഡ്യം അറിയിച്ച് ഗുജറാത്ത്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ കർഷകർ ദില്ലിയുടെ അതിർത്തികളിലേക്കെത്തിയിട്ടുണ്ട്. 

click me!