വില കുത്തനെ ഇടിഞ്ഞു, ഉള്ളിയും വെളുത്തുള്ളിയും നദിയിലൊഴുക്കിയും റോഡിൽ ഉപേക്ഷിച്ചും കർഷകർ

Published : Aug 28, 2022, 03:18 PM IST
വില കുത്തനെ ഇടിഞ്ഞു, ഉള്ളിയും വെളുത്തുള്ളിയും  നദിയിലൊഴുക്കിയും റോഡിൽ ഉപേക്ഷിച്ചും കർഷകർ

Synopsis

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗർ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച കർഷകർക്ക്  കുറഞ്ഞത് 100 രൂപയാണ് ലഭിച്ചത്...

ഭോപ്പാല്‍: വില കുത്തനെ ഇടിഞ്ഞതോടെ ഉള്ളിയും വെളുത്തുള്ളിയും ഉപേക്ഷിച്ച് കർഷകര്‍. കിലോയ്ക്ക് 50 പൈസ നിരക്കിലേക്ക് വില താഴ്ന്നതോടെയാണ് കർഷകരുടെ പ്രതിഷേധം. ഉള്ളിയും വെളുത്തുള്ളിയും റോഡിൽ ഉപേക്ഷിച്ചും നദിയിലൊഴുക്കിയും തീയിട്ടുമാണ് മധ്യപ്രദേശിലെ കർഷകർ പ്രതിഷേധിച്ചത്. വിളകൾക്ക് മിനിമം താങ്ങുവില നൽകണമെന്നാണ് കർഷകരുടെ ആവശ്യം. 

അഗ്രികൾച്ചർ ഇക്കണോമിസ്റ്റും ഗവേഷകനുമായ ദേവീന്ദർ ശർമ്മ ട്വിറ്ററിൽ ഈ വിഷയം പങ്കുവച്ചിരുന്നു. “കഴിഞ്ഞ ഒരാഴ്ചയായി, ഉള്ളി, വെളുത്തുള്ളി എന്നിവയുടെ വിൽപ്പനയെക്കുറിച്ചുള്ള വേദനാജനകമായ റിപ്പോർട്ടുകളാണ് മധ്യപ്രദേശിൽ നിന്ന് പുറത്തുവരുന്നത്. വ്യാവസായിക ഉൽപന്നങ്ങൾ പോലെ കാർഷികോൽപ്പന്നങ്ങൾക്കും വില നിശ്ചയിച്ചില്ലെങ്കിൽ ഇത് തുടരും. '' - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. 

രാജ്യത്തെ ഏറ്റവും വലിയ വെളുത്തുള്ളി വിപണിയായ മന്ദ്‌സൗർ മാർക്കറ്റിൽ കഴിഞ്ഞയാഴ്ച കർഷകർക്ക് ക്വിന്റലിന് പരമാവധി 6,665 രൂപ (100 കിലോ) മുതൽ കുറഞ്ഞത് 100 രൂപ വരെ (കിലോയ്ക്ക് 1 രൂപ)യാണ് നൽകുന്നത്. മറ്റ് ചില വിപണികളിൽ കിലോയ്ക്ക് 45-50 പൈസ വരെ വില കുറഞ്ഞു. അതുപോലെ, ഉള്ളി കർഷകർക്ക് ക്വിന്റലിന് പരമാവധി 1,244 രൂപയും കുറഞ്ഞത് 50 രൂപയുമാണ് ലഭിക്കുന്നത്. 

കര്‍ഷകര്‍ വെള്ളുത്തുള്ളിയും, ഉള്ളിയും നദികളില്‍ വലിച്ചെറിയുന്നത്തിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥും ട്വിറ്ററിൽ പങ്കുവച്ചു. അടിയന്തിര നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 2017 ല്‍ കര്‍ഷകര്‍ താങ്ങുവിലക്കായി പ്രക്ഷോഭം നടത്തിയിരുന്നെങ്കിലും ആവശ്യങ്ങള്‍ പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. അന്ന് വിവിധ പ്രക്ഷോഭങ്ങളിലായി ആറ് കര്‍ഷകര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 

രാജ്യത്ത് ഏറ്റവും കൂടുതൽ വെളുത്തുള്ളി ഉത്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് മധ്യപ്രദേശ്. 2011-12 ലെ 11.50 ലക്ഷം മെട്രിക് ടണ്ണിൽ നിന്ന് 2020-21 ൽ 19.83 ലക്ഷം മെട്രിക് ടണ്ണായി ഉത്പാദം ഇരട്ടിയായിട്ടുണ്ട്. സംസ്ഥാനത്തെ മാൽവ-നിമാദ് മേഖലയിലാണ് വെളുത്തുള്ളി പ്രധാനമായും വിളയുന്നത്. 

PREV
Read more Articles on
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ