
മുംബൈ : ബലൂൺ വാങ്ങിക്കൊണ്ടിരിക്കുന്നതിനിടയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് വയസുകാരി മരിച്ചു. മുത്തച്ഛൻ വാങ്ങിയ ബലൂണിൽ കാറ്റ് നിറയ്ക്കുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ശനിയാഴ്ച വൈകുന്നേരം നാഗ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെ അചൽപൂർ താലൂക്കിലെ ഷിന്ദി ഗ്രാമത്തിലാണ് സംഭവം നടന്നത്. തൻഹ പോള ഉത്സവത്തിന്റെ ഭാഗമായി മുത്തച്ഛന്റെയൊപ്പം എത്തിയതായിരുന്നു കുട്ടി. കൃഷിയിലും കാർഷിക പ്രവർത്തനങ്ങളിലും കാളകളുടെ പ്രാധാന്യം അംഗീകരിച്ച് ആഘോഷിക്കുന്ന ഉത്സവമാണ് തൻഹ പോള.
ബലൂൺ വാങ്ങുന്നതിനിടെയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു. സിലിണ്ടറിന്റെ ഒരു ഭാഗം കാലിൽ തട്ടി കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയതെന്നും പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. അചൽപൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.
'സിസേറിയന്‍ ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ല', കുഞ്ഞിന്‍റെ മരണം ചികിത്സാ പിഴവ് മൂലമെന്ന് കുടുംബം
കണ്ണൂര്‍: തലശ്ശേരി ജനറലാശുപത്രിയിൽ നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് മൂലമെന്ന ആരോപണവുമായി ബന്ധുക്കൾ. അങ്ങോട്ട് ആവശ്യപ്പെട്ടിട്ടും ചികിൽസിക്കുന്ന ഡോക്ടർ സിസേറിയൻ ചെയ്യാൻ അനുവദിച്ചില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞ് ഇന്നലെ ഉച്ചയ്ക്കാണ് മരിച്ചത്. ശ്വാസ തടസം ഉണ്ടായതാണ് മരണ കാരണമെന്നാണ് ചികിത്സിക്കുന്ന ഡോക്ടർ ബന്ധുക്കളോട് പറഞ്ഞത്. എന്നാൽ 25 ആം തിയ്യതി ആശുപത്രിയിൽ അഡ്മിറ്റായ സമയം തന്നെ രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ബന്ധുക്കൾ പറഞ്ഞു.
നേരത്തെ നടത്തിയ പരിശോധനയിൽ കുഞ്ഞിൻ്റെ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിൽ ആയിരുന്നുവെന്നതും ഡോക്ടർ ഗൗരവത്തിൽ എടുത്തില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. സ്ത്രീ രോഗ വിഭാഗം ഡോക്ടർ പ്രീജ മാത്യുവിനെതിരെയാണ് പരാതി. അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കൾ തലശ്ശേരി പൊലീസിൽ പരാതി നൽകി. പോസ്റ്റുമോര്‍ട്ടം പരിശോധന ഫലം വന്നാലെ മരണകാരണം വ്യക്തമാവുയെന്നും അതിനു ശേഷം പ്രതികരിക്കാമെന്നും തലശ്ശേരി ആര്‍ എം ഒ വ്യക്തമാക്കി.