35 കിലോമീറ്റർ പിന്തുടർന്നു, വിവരങ്ങൾ പൊലീസിന് കൈമാറി; ഉദയ്പുർ കൊലയാളികളെ പിടിക്കാൻ സഹായിച്ച കർഷകർ ഹീറോ

By Web TeamFirst Published Jul 6, 2022, 7:12 PM IST
Highlights

ദേശീയപാതക്ക് സമീപം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു കർഷകരായ പ്രഹ്ലാദും ശക്തിയും. രണ്ടുപേർ അമിത വേ​ഗതയിൽ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ട ഇവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പിൻതുടരുന്നതിനിടെ കൊലയാളികളിലൊരാൾ ഇവരുടെ നേരെ കത്തി വീശിയെന്നും കർഷകർ പറഞ്ഞു.

ഫോട്ടോ: ഉ​ദയ്പുർ കൊലക്കേസ് പ്രതികളെ പിടികൂടാൻ സഹായിച്ച കർഷകരായ പ്രഹ്ലാദ് സിങ്, ശക്തി സിങ് എന്നിവർ മുഖ്യമന്ത്രി അശോക് ​ഗെലോട്ടിനെ കണ്ടപ്പോൾ

ജയ്പുർ: ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്തി രക്ഷപ്പെടാൻ ശ്രമിച്ച കൊലയാളികളെ പിടികൂടാൻ സഹായിച്ചത് കർഷകരായ രണ്ടുപേർ. അതിവേ​ഗതയിൽ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ 35 കിലോമീറ്റർ പിന്തുടരുകയും പൊലീസിന് വിവരങ്ങൾ നൽകുകയും ചെയ്താണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.  ഇവരുടെ സന്ദർഭോചിതമായ ഇടപെടൽ കാരണമാണ് മണിക്കൂറുകൾക്കുള്ളിൽതന്നെ പ്രതികളെ പിടികൂടാനായത്.

കർഷകരായ പ്രഹ്ലാദ് സിങ്, ശക്തി സിങ് എന്നിവരാണ് പൊലീസിനെ സഹായിച്ചത്. കൊലപാതകം നടത്തിയ ശേഷം സ് മുഹമ്മദ്, റിയാസ് അക്താരി എന്നിവർ ഇവരുടെ ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ​ഗ്രാമീണ മേഖലിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് അറിയിപ്പ് നൽകിയിരുന്നു. 

ദേശീയപാതക്ക് സമീപം ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു കർഷകരായ പ്രഹ്ലാദും ശക്തിയും. രണ്ടുപേർ അമിത വേ​ഗതയിൽ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ട ഇവർ ഇവരെ ബൈക്കിൽ പിന്തുടർന്നു. പിൻതുടരുന്നതിനിടെ കൊലയാളികളിലൊരാൾ ഇവരുടെ നേരെ കത്തി വീശിയെന്നും കർഷകർ പറഞ്ഞു. ഇവരുടെ കൈയിൽ തോക്കുണ്ടാകുമെന്ന ഭയമുണ്ടായിരുന്നെന്നും കർഷകർ പറഞ്ഞു.

പിൻതുടരുന്നതിനിടെ പൊലീസുകാർക്ക് വിവരങ്ങൾ നൽകി. ഇവർ നൽകിയ നിർദേശം അനുസരിച്ച് പൊലീസ് എത്തുകയും കൊലയാളികളെ തടഞ്ഞു നിർത്തി കീഴ്പ്പെടുത്തുകയുമായിരുന്നു. കർഷകരുടെ ധൈര്യത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് അഭിന്ദിച്ചു.  ഇവരെ അഭിനന്ദിച്ചാൽ മാത്രം പോരെന്നും പാരിതോഷികമോ ജോലിയോ നൽകണമെന്നും ആവശ്യമുയർന്നു. 

click me!