
(ചിത്രം: ഇടതു വശത്ത് ആരോപണ വിധേയനായ മഞ്ജുനാഥ് ഐഎഎസ്, വലത് ജസ്റ്റിസ് എച്ച്പി സന്ദേഷ്)
ബെംഗളൂരു: കര്‍ണാടകയിലെ അഴിമതി വിരുദ്ധ ബ്യൂറോയെ വിമര്‍ശിച്ചതിന്‍റെ പേരില്‍ സ്ഥലം മാറ്റ ഭീഷണി നേരിടുകയാണെന്ന് കര്‍ണാടക ഹൈക്കോടതി ജഡ്ജി എച്ച് പി സന്ദേഷ്. ബെംഗ്ലൂരു കളക്ടര്‍ ഓഫീസിലെ കൈക്കൂലി കേസില്‍ ആരോപണവിധേയരായ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പകരം ജൂനിയര്‍ ജീവനക്കാരെ അറസ്റ്റ് ചെയ്തതത് വിമര്‍ശിച്ചതിനായിരുന്നു സ്ഥലംമാറ്റ ഭീഷണി.
കര്‍ണാടകയിലെ മുന്‍നിര റിയല്‍എസ്റ്റേറ്റ് ഇടപാടുകാരനോട് ജില്ലാ കളക്ടറായിരുന്ന ജെ മഞ്ജുനാഥ് 15 ലക്ഷം ആവശ്യപ്പെട്ടായിരുന്നു പരാതി. അഞ്ചു ലക്ഷം രൂപ കൈക്കൂലിയായി ജൂനിയര്‍ ഉദ്യോഗസ്ഥര്‍ വഴി കൈപ്പറ്റിയെന്നും പരാതി ഉയര്‍ന്നിരുന്നു. ജില്ലാ കളക്ടറെ ചോദ്യം ചെയ്തെങ്കിലും ഡെപ്യൂട്ടി തഹസീല്‍ദാറുള്‍പ്പടെ രണ്ട് ജൂനിയര്‍ ഉദ്യോഗസ്ഥരെയാണ് അഴിമതി വിരുദ്ധ ബ്യൂറോ അറസ്റ്റു ചെയ്തിരുന്നത്.
കളക്ടറെ എസിബി സംരക്ഷിക്കുന്നത് എന്തിനെന്ന് ജസ്റ്റിസ് ചോദിച്ചിരുന്നു. അഴിമതി വിരുദ്ധ ബ്യൂറോ തന്നെ കൈക്കൂലിയുടെ കേന്ദ്രമായി മാറിയെന്നും വിമര്‍ശിച്ചു. 2016 മുതല്‍ എസിബി ആന്വേഷിച്ച കേസുകളുടെ വിവരങ്ങള്‍ കൈമാറാനും ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് മറ്റൊരു ഹൈക്കോടതി ജഡ്ജി വഴി ജസ്റ്റിസ് എച്ച് പി സന്ദേഷിന് സ്ഥലംമാറ്റ ഭീഷണിയെത്തിയത്. പരോക്ഷമായാണ് ഭീഷണിയെത്തിയതെങ്കിലും ഉന്നതങ്ങളില്‍ നിന്നാണ് സന്ദേശമെന്ന് ജസ്റ്റിസ് എച്ച് പി സന്ദേഷ് കോടതിയില്‍ തന്നെ തുറന്നടിച്ചു.
Read more: ആരാണ് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ പ്രതിശ്രുത വധു; ഓൺലൈനിൽ തിരച്ചിൽ
കളക്ടര്‍ക്ക് വേണ്ടിയാണ് പണം വാങ്ങിയതെന്ന് അറസ്റ്റിലായ ഡെപ്യൂട്ടി തഹസീല്‍ദാര്‍ മഹേഷ്, അസിസ്റ്റന്‍റ് ചേതന്‍ കുമാര്‍ എന്നിവര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ശിശുസംരക്ഷണ പദ്ധതിയുടെ ഡയറക്ടറായി മഞ്ജുനാഥിനെ സര്‍ക്കാര്‍ സ്ഥലം മാറ്റി. എന്നാല്‍ കളക്ടര്‍ക്ക് എതിരെ കൃത്യമായ തെളിവുകള്‍ ശേഖരിക്കാനോ നടപടിയെടുക്കാനെ അഴിമതി വിരുദ്ധ ബ്യൂറോ വന്‍ വീഴ്ചയാണ് നടത്തിയത്. എസിബിയെ വിമര്‍ശിച്ച മറ്റൊരു ജഡ്ജിയെ മുന്‍പ് സ്ഥലം മാറ്റിയിട്ടുള്ളത് ചൂണ്ടികാട്ടി , സ്ഥലംമാറ്റ ഭീഷണി കോടതി രേഖകളില്‍ ജസ്റ്റിസ് ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
Read more: Indian Food : 'എന്താണ് ഇന്ത്യക്കാര്‍ക്ക് ചായയോട് ഇത്ര പ്രിയം'; കൊറിയന്‍ യൂട്യൂബറുടെ വീഡിയോ
ഭയമില്ലെന്നും ജുഡീഷ്യറിയുടെ സ്വാതന്ത്രം സംരക്ഷിക്കാന്‍ ന്യായാധിപപദവി പകരമായി നല്‍കാമെന്നും ജസ്റ്റിസ് സന്ദേഷ് രേഖയില്‍ കുറിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ഇടനിലക്കാരുടെയും വസതികളില്‍ ഇടയ്ക്കിടെ നടക്കുന്ന റെയ്ഡുകളില്‍ കാറും, സ്വര്‍ണ്ണവും അടക്കം ലക്ഷങ്ങളാണ് കണ്ടെടുക്കാറുള്ളത്. എന്നാല്‍ പലപ്പോഴും ഇതിന്‍റെ കൃത്യമായ കണക്കുകള്‍ അഴിമതി വിരുദ്ധ ബ്യൂറോ വ്യക്തമാക്കാറില്ല. അഴിമതി വിരുദ്ധ ബ്യൂറോ തന്നെ അഴിമതിക്ക് കുടപിടിച്ചത് ചോദ്യം ചെയ്തതിനാണ് ഹൈക്കോടതി ജഡ്ജിക്ക് പോലും ഭീഷണി നേരിടേണ്ടി വന്നിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam