
ചണ്ഡീഗഡ്: കർഷക സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ചണ്ഡീഗഡിലേക്ക് പഞ്ചാബിലെ കർഷകർ മാർച്ച് തുടങ്ങി. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് മാർച്ച്. ചണ്ഡീഗഡിലെത്തി അനിശ്ചിതകാല സമരം നടത്താനാണ് കർഷകരുടെ തീരുമാനം. എന്നാൽ ചണ്ഡീഗഡിലേക്ക് പ്രവേശിക്കും മുൻപേ പല നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്ന് കർഷക സംഘടനകൾ അറിയിച്ചു. പലയിടത്തും വൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കടം എഴുതിത്തള്ളുക, ഭൂമിയില്ലാത്ത കർഷകർക്ക് ഭൂമി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ സമരം നടത്തുന്നത്. കർഷക നേതാക്കളുമായി കഴിഞ്ഞ ദിവസം പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. തുടർന്നാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. അതിനിടെ ഹരിയാന അതിർത്തിയിൽ മുതിർന്ന കർഷക നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ നിരാഹാര സമരം നൂറ് ദിവസം പിന്നിട്ടിട്ടുണ്ട്. ധല്ലേവാളിന് പിന്തുണയർപ്പിച്ച് കർഷകർ രാജ്യവ്യാപകമായി നിരാഹാരമിരിക്കുകയും ചെയ്തു.
പരമ്പരാഗത വിത്തുകൾ മുതൽ പഴയകാല കാർഷിക ഉപകരണങ്ങൾ വരെ, ശ്രദ്ധ നേടി കഞ്ഞിക്കുഴിയിലെ വിത്തുത്സവം
അതേസമയം പഞ്ചാബിലെ കർഷകർ ചണ്ഡീഗഡിലേക്ക് അനിശ്ചിതകാല പ്രതിഷേധം പ്രഖ്യാപിക്കുകയും ട്രാക്ടർ മാർച്ച് സംഘടിപ്പിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ചണ്ഡീഗഡ് പൊലീസും ശക്തമായ നടപടികളിലേക്ക് കടന്നിട്ടുണ്ട്. ചണ്ഡീഗഡിലേക്കുള്ള 18 പ്രവേശന പോയിന്റുകളും അടച്ചുപൂട്ടുകയും തലസ്ഥാനത്തിന്റെ അതിർത്തിയിൽ കനത്ത പൊലീസ് സേനയെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്. ഏഴ് പ്രദേശങ്ങളിൽ നിന്നുള്ള എല്ലാ ഡി എസ് പിമാരും എസ് എച്ച് ഒമാരും ഉൾപ്പെടെ ഏകദേശം 2,000 പൊലീസ് ഉദ്യോഗസ്ഥരെ ഈ സ്ഥലങ്ങളിൽ വിന്യസിച്ചതായാണ് വിവരം. ചണ്ഡീഗഢിലേക്ക് ട്രാക്ടറുകളും ട്രോളികളും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു. ചണ്ഡീഗഢ് - ദില്ലി ദേശീയപാതയിൽ കർഷകരുടെ പ്രതിഷേധം വൻ ഗതാഗതക്കുരുക്കിന് കാരണമാകുന്ന സാഹചര്യം ഒഴിവാക്കുനുള്ള നടപടികളുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം