തവളക്കണ്ണൻ, രക്തശാലി, വിരിപ്പ്, മുണ്ടകൻ, ചെട്ടിവിരിപ്പ്, ചെറുവിരിപ്പ് തുടങ്ങി 650 ൽ പരം നെൽവിത്തുകളാണ് ഇവിടെ പ്രദർശനത്തിനുള്ളത്
കഞ്ഞിക്കുഴി: കർഷക സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി ആലപ്പുഴയിലെ പരമ്പരാഗത വിത്ത് ഉത്സവം. വിവിധ ജില്ലകളിൽ നിന്നും പരമ്പരാഗത കർഷകർ ഉത്പാദിപ്പിച്ച കാർഷിക ഉത്പന്നങ്ങളുടെ വിത്ത് പ്രദർശനോത്സവവും വില്പനയുമാണ് മൂന്ന് ദിവസങ്ങളിലായി കഞ്ഞിക്കുഴിയിൽ നടക്കുന്നത്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് പരിപാടി.
തവളക്കണ്ണൻ, രക്തശാലി, വിരിപ്പ്, മുണ്ടകൻ, ചെട്ടിവിരിപ്പ്, ചെറുവിരിപ്പ് തുടങ്ങി 650 ൽ പരം നെൽവിത്തുകളാണ് ഇവിടെ പ്രദർശനത്തിനുള്ളത്. പെരുമ്പറ, കലപ്പ, വട്ടി, മരമണി, ചട്ടുകം, മരവുരി, ആമാടപ്പെട്ടി, കടക്കോൽ, വെറ്റില ചെല്ലം, ഇടങ്ങഴി, മരവി, ജലചക്രം തുടങ്ങിയ പഴയകാല കാർഷിക, അളവ് തൂക്ക ഉപകരണങ്ങളും പുതുതലമുറയിലെ കർഷകർക്ക് കാണാനുള്ള അവസരവും ഇവിടെയുണ്ട്. അങ്ങനെ പഴമയോടും മണ്ണിനേടും ചേർന്ന് നിൽക്കുന്ന ഉത്സവം.
ഭൗമ സൂചികാ പദവി ലഭിച്ച വാഴക്കുളം പൈനാപ്പിൾ, പൊക്കാളി എന്നിവ പ്രദർശനത്തിൽ കൂടുതൽ ശ്രദ്ധ നേടുന്നുണ്ട്. പ്രദർശനം കാണാനും വിത്തുകളെ കുറിച്ച് അറിയാനും വാങ്ങാനും നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്. രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രദർശനം. പ്രദർശനം ഇന്ന് സമാപിക്കും.
