കര്‍ഷക സമരം നൂറാം ദിനത്തിലേക്ക്; ചർച്ചക്ക് തയ്യാറാകാതെ സർക്കാർ, മൂന്ന് മാസത്തിനിടെ മരിച്ചത് 108 കർഷകർ

By Web TeamFirst Published Mar 5, 2021, 6:09 AM IST
Highlights

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്‍റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 

ദില്ലി: കര്‍ഷക പ്രക്ഷോഭം നൂറാം ദിവസത്തിലേക്ക്. ദില്ലി അതിര്‍ത്തികളിൽ കര്‍ഷകരുടെ സമരം തുടങ്ങിയിട്ട് നാളേക്ക് 100 ദിവസമാകും. ജനുവരി 26 ലെ സംഭവങ്ങൾക്ക് ശേഷം കര്‍ഷകരുമായി ഇതുവരെ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായിട്ടില്ല. തണുപ്പ് മൂലം കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ സമരപന്തലുകളിൽ 108 കര്‍ഷകര്‍ മരിച്ചുവെന്ന് സംയുക്ത കിസാൻ മോര്‍ച്ച അറിയിച്ചു.

നവംബര്‍ 27 നാണ് ദില്ലി അതിര്‍ത്തികളിലേക്ക് കര്‍ഷകരുടെ പ്രക്ഷോഭം എത്തിയത്. ഡിസംബറിലെയും ജനുവരിയിലെയും മരംകോച്ചുന്ന തണുപ്പിൽ നൂറിലധികം കര്‍ഷകര്‍ സമരകേന്ദ്രങ്ങളിൽ മരിച്ചു. കര്‍ഷകരുമായി സര്‍ക്കാര്‍ നടത്തിയ 11 ചര്‍ച്ചകളും പരാജയപ്പെട്ടു. റിപ്പബ്ലിക് ദിനത്തിലെ സംഘര്‍ഷങ്ങൾ സമരത്തിന്‍റെ മാറ്റ് കുറച്ചെങ്കിലും ഇപ്പോൾ സമരപന്തലുകൾ പഴയ ആവേശത്തിൽ തന്നെയാണ്. പൊലീസ് നടപടിയും ടൂൾക്കിറ്റ് വിവാദവുമൊന്നും സമരത്തെ ബാധിച്ചിട്ടില്ല. മഹാപഞ്ചായത്തുകൾ വിളിച്ച് എല്ലാ സംസ്ഥാനങ്ങളിലും സമരത്തിനുള്ള പിന്തുണ കൂട്ടുകയാണ് കര്‍ഷകരിപ്പോൾ.

നൂറാം ദിവസത്തിലേക്ക് കടക്കുമ്പോഴും കര്‍ഷക സമരത്തിന്‍റെ ആവേശം കുറയുന്നില്ല. സത്രീകളടക്കമുള്ള കര്‍ഷകരുടെ പുതിയ സംഘങ്ങൾ സമരകേന്ദ്രങ്ങളിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്. 100 ദിവസമായ നാളെ മനേസര്‍ എക്സ്പ്രസ്പാത ഉപരോധവും എട്ടിന് മഹിള മഹാപഞ്ചായത്തും നടക്കും. സംസ്ഥാന തെരഞ്ഞെടുപ്പുകളിലേക്ക് രാഷ്ട്രീയ ശ്രദ്ധ മാറുമ്പോൾ, കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ പ്രചരണത്തിനിറങ്ങാനുമാണ് കര്‍ഷകരുടെ തീരുമാനം. 

click me!