കർഷകസമരം കോടതി പരിഹരിക്കട്ടെയെന്ന് കേന്ദ്രം, സമവായം വൈകും, സമരം 45-ാം ദിനം

Published : Jan 09, 2021, 07:52 AM ISTUpdated : Jan 09, 2021, 07:53 AM IST
കർഷകസമരം കോടതി പരിഹരിക്കട്ടെയെന്ന് കേന്ദ്രം, സമവായം വൈകും, സമരം 45-ാം ദിനം

Synopsis

സുപ്രീംകോടതി ഇക്കാര്യത്തിൽ ഇടപെട്ട് സമിതി രൂപീകരിക്കട്ടെയെന്നാണ് കേന്ദ്രസർക്കാരിന്‍റെ ഇപ്പോഴത്തെ നിലപാട്. നിയമം പിൻവലിക്കുകയെന്ന നിലപാട് എടുക്കുകയേ ഇല്ലെന്ന കടുംപിടിത്തം കേന്ദ്രം തുടരുന്നു. പാർലമെന്‍റ് സമ്മേളനം വരെ ഇക്കാര്യത്തിൽ ധാരണയാകില്ലെന്ന് ചുരുക്കം.

ദില്ലി: മരവിക്കുന്ന കൊടുംതണുപ്പിൽ ദില്ലിയുടെ അതിർത്തിയിൽ കർഷകസമരം നാൽപ്പത്തിയഞ്ചാം ദിവസം തുടരുമ്പോൾ, കടുംപിടിത്തം വിടാതെ കേന്ദ്രസർക്കാർ. കർഷകസമരത്തിൽ ഇനി സുപ്രീംകോടതി ഇടപെട്ട് പരിഹാരമുണ്ടാക്കട്ടെയെന്ന നിലപാടിലാണ് കേന്ദ്രസർക്കാർ. ചർച്ചകളിൽ നിയമം പിൻവലിക്കണമെന്ന ആവശ്യത്തോട് ഒട്ടും അനുകൂലനിലപാട് കേന്ദ്രസർക്കാർ സ്വീകരിക്കുന്നില്ല. ഇന്നലെ കർഷകരുമായി കേന്ദ്രസർക്കാർ നടത്തിയ എട്ടാംവട്ടചർച്ചയും പരാജയമായിരുന്നു. സമരം തീർക്കാൻ സുപ്രീംകോടതി ഇടപെട്ട് സമിതി രൂപീകരിക്കുന്നതിനെ എതിർക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. 

41 സംഘടനകളാണ് നിലവിൽ ദില്ലിയുടെ അതിർത്തിയിൽ നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു സമിതി കോടതി നിർദേശപ്രകാരം രൂപീകരിച്ചാൽ സമരത്തിൽ ഇല്ലാത്ത സംഘടനകളും സമിതിയിൽ വേണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെടും. സർക്കാരിനെ അനുകൂലിക്കുന്ന സംഘടനകളെയും ഈ സമിതിയിലേക്ക് അങ്ങനെ കൊണ്ടുവരാനാണ് കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്.

നിയമങ്ങളിൽ ചർച്ച നടത്താൻ സമിതി രൂപീകരിക്കുകയടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങുകയാണെങ്കിൽ ഇതിൽ ധാരണ രൂപീകരിക്കാൻ ഇനിയും വൈകുമെന്നുറപ്പാണ്. കേന്ദ്രസർക്കാരിന് അത്രയും സമയം നീട്ടിക്കിട്ടുന്നു. അടുത്ത പാർലമെന്‍റ് സമ്മേളനം വരെ ഇക്കാര്യത്തിൽ ധാരണയാകാൻ സാധ്യതയില്ലെന്ന് ചുരുക്കം. അത്ര കാലം ഈ കൊടുംതണുപ്പിൽ ഈ സമരം എങ്ങനെ നീട്ടിക്കൊണ്ടുപോകാനാകുമെന്ന ആശങ്ക പതുക്കെ കർഷകസമരനേതാക്കളും പങ്കുവയ്ക്കുന്നുണ്ട്. പക്ഷേ, സമരം ശക്തമായി തുടരുമെന്ന് തന്നെ അവർ അസന്നിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുന്നു. 

അതേസമയം, നിയമങ്ങൾ പിൻവലിക്കുന്നില്ലെങ്കിൽ അടുത്ത ചർച്ചയ്ക്ക് പോകണ്ട കാര്യം തന്നെയില്ലെന്ന നിലപാടിലേക്ക് കർഷകസംഘടനകൾ നീങ്ങുകയാണ്. സമരം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുമെന്ന് കർഷകസംഘടനകൾ ഇന്നലെ കേന്ദ്രവുമായുള്ള ചർച്ചയ്ക്ക് ശേഷവും ആവർത്തിച്ചിരുന്നു. ജനുവരി 15-നാണ് കർഷകരുമായുള്ള ഒമ്പതാംവട്ട ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ ചർച്ചയ്ക്കിടെ, സമവായത്തിന് തയ്യാറല്ലെന്ന് കോടതിയെ സമീപിച്ചോളാൻ കേന്ദ്രസർക്കാർ പ്രതിനിധികൾ പറഞ്ഞതായി കർഷകർ വ്യക്തമാക്കിയിരുന്നു.

നാടകീയമായിരുന്നു കർഷക സംഘടന നേതാക്കളും കേന്ദ്ര സർക്കാരുമായുള്ള എട്ടാം വട്ട ചർച്ച. തുടക്കത്തിൽ ചർച്ചയോട് നിസ്സഹകരിച്ച കർഷകനേതാക്കൾ രണ്ട് മണിക്കൂറോളം മൗനത്തിലായിരുന്നു. നിയമങ്ങൾ പിൻവലിക്കണമെന്ന ഒറ്റ അജണ്ടയിൽ തീരുമാനം അറിയിക്കാതെ മൗനം വെടിയില്ലെന്നായിരുന്നു നേതാക്കളുടെ നിലപാട്. 

'ഇവിടെ ജയിക്കും, ഇവിടെ മരിക്കും, നിയമം പിൻവലിച്ചാൽ മാത്രം തിരിച്ചു പോക്ക്' എന്നെഴുതിയ പ്ലക്കാർഡ് കർഷക നേതാക്കൾ ഉയർത്തിക്കാട്ടി. ചർച്ചയിൽ നിന്ന് പിന്മാറരുതെന്ന് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ ആവശ്യപെട്ടെങ്കിലും നേതാക്കൾ വഴങ്ങിയില്ല. കൃഷി മന്ത്രാലയസെക്രട്ടറി സഞ്ജയ്‌ അഗർവാൾ ഇടപെട്ട് ചർച്ച തുടങ്ങിയെങ്കിലും ചൂടേറിയ വാഗ്വാദം നടന്നു. നിയമങ്ങൾ റദ്ദാക്കില്ലെന്നും വേണമെങ്കിൽ കോടതിയെ സമീപിച്ചോളൂ എന്നും മന്ത്രിമാർ പറഞ്ഞു. ഇതോടെ ചർച്ച രണ്ടര മണിക്കൂറിൽ അവസാനിക്കുകയായിരുന്നു.

PREV
click me!

Recommended Stories

കേസ് പിൻവലിക്കാൻ വരെ അതിജീവിതകളെ പ്രേരിപ്പിക്കുന്നു, നിർണായക നിരീക്ഷണവുമായി സുപ്രീംകോടതി; 'സ്ത്രീവിരുദ്ധ ഉത്തരവുകൾ ആശങ്ക'
പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ