പുതുവർഷത്തിന് മുന്നേ ഒത്തുതീര്‍പ്പാകുമോ? കര്‍ഷക പ്രക്ഷോഭം 34-ാം ദിവസം; ചർച്ച നാളെ

By Web TeamFirst Published Dec 29, 2020, 12:16 AM IST
Highlights

സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ

ദില്ലി: ദില്ലി അതിര്‍ത്തികളിലെ കര്‍ഷക പ്രക്ഷോഭം ഇന്ന് 34-ാം ദിവസം. പുതുവര്‍ഷത്തിന് മുന്നെ പ്രക്ഷോഭം ഒത്തുതീർപ്പാക്കാനുളള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. കര്‍ഷക സംഘടനകളുമായി നാളെ ഉച്ചക്ക് 2 മണിക്ക് സര്‍ക്കാർ വീണ്ടും ചര്‍ച്ച നടത്തും. നിയമങ്ങൾ പിൻവലിക്കുക, താങ്ങുവിലക്കായി ഉറപ്പ്, സൗജന്യ വൈദ്യുതി തുടങ്ങി നാല് ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സര്‍ക്കാരുമായി നാളെ കര്‍ഷക സംഘടനകൾ ചര്‍ച്ചക്ക് പോകുന്നത്.

സമരം ഒത്തുതീര്‍പ്പാക്കാൻ സര്‍ക്കാര്‍ വിട്ടുവീഴ്ചക്ക് തയ്യാറാകുമെന്നാണ് കര്‍ഷക സംഘടനകളുടെ പ്രതീക്ഷ. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ചര്‍ച്ച വരാമെന്നായിരുന്നു കര്‍ഷക സംഘടനകളുടെ നിലപാട്. കൂടിയാലോചനകൾ വേണ്ടതിനാൽ ബുധനാഴ്ച ഉച്ചക്ക് 2 മണിയിലേക്ക് ചര്‍ച്ച മാറ്റുകയാണെന്ന് കര്‍ഷക സംഘടനകളെ സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

റിപ്പബ്ളിക് ദിനാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ കര്‍ഷക പ്രക്ഷോഭം നീണ്ടുപോകുന്നത് സര്‍ക്കാരിന് സമ്മർദ്ദമാണ്. പുതുവര്‍ഷത്തിലേക്ക് സമരം കടക്കാതിരിക്കാൻ ചില വിട്ടുവീഴ്ചകൾ സര്‍ക്കാര്‍ വരുത്തിയേക്കും. ഇക്കാര്യങ്ങളിൽ ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ സര്‍ക്കാരിനുള്ളിൽ ചര്‍ച്ചകൾ തുടരുകയാണ്. സമരം അവസാനിപ്പിക്കാൻ ചില വിട്ടുവീഴ്ചകൾക്ക് സര്‍ക്കാര്‍ തയ്യാറായേക്കുമെന്ന സൂചനകളുണ്ട്. കര്‍ഷകരുമായുള്ള പ്രശ്നം അവസാനിപ്പിക്കണമെന്ന് സര്‍ക്കാരിനോട് ആര്‍ എസ് എസും ആവശ്യപ്പെട്ട സാഹചര്യത്തിൽ ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരുമായി കൂടിയാലോചന നടന്നിരുന്നു. സര്‍ക്കാര്‍ അയയുന്നില്ലെങ്കിൽ സമരം കൂടുതൽ കടുപ്പിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം.

പ്രക്ഷോഭം കൂടുതൽ ശക്തമാകുമ്പോൾ നിയമങ്ങളെ ഇന്നലെയും പ്രധാനമന്ത്രി ന്യായീകരിച്ചിരുന്നു. ഒരു രാജ്യം ഒരു വിപണി എന്ന ലക്ഷ്യമാണ് സര്‍ക്കാരിന്‍റേതെന്നും കര്‍ഷകന് വേണ്ടിയാണ് പുതിയ മാറ്റങ്ങളെന്നും മഹാരാഷ്ട്രയിൽ നിന്ന് ബംഗാളിലേക്കുള്ള കിസാൻ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു.

click me!