
ദില്ലി: താങ്ങുവില എടുത്തുകളയുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ രേഖാമൂലം ഉറപ്പ് നൽകാമെന്ന കേന്ദ്രനിർദേശം തള്ളി കർഷക സംഘടനകൾ. ദില്ലിയിലെ വിഗ്യാൻ ഭവനിൽ കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമറുമായി നടത്തുന്ന ചർച്ചകളിലാണ് കർഷകസംഘടനകൾ കേന്ദ്രസർക്കാർ മുന്നോട്ടുവച്ച സമവായ നിർദേശങ്ങൾ തള്ളിയത്. വിവാദമായ കാർഷികനിയമഭേദഗതികൾ പിൻവലിച്ച്, താങ്ങുവില ഉൾപ്പടെയുള്ള കാര്യങ്ങളിൽ പുതിയ ഉറപ്പുകൾ നൽകുന്ന നിയമഭേദഗതി കൊണ്ടുവരിക എന്നതിൽക്കുറഞ്ഞുള്ള ഒരു ഉപാധിക്കും തയ്യാറല്ലെന്ന് കർഷകസംഘടനകൾ വ്യക്തമാക്കി.
മുമ്പത്തേതുപോലെത്തന്നെ, ഇന്നും സർക്കാർ കൊണ്ടുവന്ന ഉച്ചഭക്ഷണം സമരക്കാർ നിരസിച്ചു. പകരം ഗുരുദ്വാരകളിൽ നിന്നുള്ള ഉച്ചഭക്ഷണമാണ് സമരക്കാർ കഴിച്ചത്. ഭക്ഷണത്തിനുള്ള ഇടവേളയ്ക്കായി പിരിയുമ്പോഴും ഒരു തരത്തിലുള്ള സമവായവും ചർച്ചയിലില്ല.
ചർച്ചയ്ക്ക് കർഷകവിദഗ്ധർ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ കൃഷിമന്ത്രിയെ കർഷകസംഘടനാനേതാക്കൾ ചോദ്യം ചെയ്യുന്നു. നിയമത്തിലെ ആശങ്കകൾ പരിഹരിക്കാൻ വിദഗ്ധർ എത്തിയിട്ടുണ്ടെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ നിയമത്തെക്കുറിച്ച് മന്ത്രിക്ക് കർഷകരോട് വിശദീകരിക്കാനാവില്ലെങ്കിൽ പിന്നെ എങ്ങനെ നിയമം കൊണ്ടുവന്നുവെന്ന് കർഷക സംഘടനാനേതാക്കൾ ചോദിക്കുന്നു.
എന്നാൽ നിയമം റദ്ദാക്കുന്നത് പ്രായോഗികമല്ലെന്ന് കേന്ദ്രസർക്കാരിന്‍റെ നിലപാട്. നിലവിലെ നിയമത്തിൽ താങ്ങു വില ഉറപ്പാക്കാം. ഇതിനായി എക്‌സിക്യൂട്ടീവ് ഓർഡർ പുറത്തിറക്കും. കർഷകരോട് അനുഭാവപൂർമായ നിലപാട് സ്വീകരിക്കുകയാണെന്ന് കേന്ദ്രം അവകാശപ്പെടുന്നു. സമരത്തിൽ പങ്കെടുത്തതിന്‍റെ പേരിൽ കേസുകൾ ഒഴിവാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കേന്ദ്രസർക്കാർ ചർച്ചയിൽ വ്യക്തമാക്കുന്നു.
ഉച്ചതിരിഞ്ഞ് കർഷകസംഘടനകളുമായി ചർച്ച നടത്താനിരിക്കുന്ന സാഹചര്യത്തിൽ രാവിലെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടിരുന്നു. അടിയന്തരമായി കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചേ തീരൂവെന്നും, ഇത് രാജ്യത്തിന്‍റെ സാമ്പത്തികസുരക്ഷയുടെ പ്രശ്നമാണെന്നും അമരീന്ദർ സിംഗ് അമിത് ഷായോട് പറഞ്ഞു.
കർഷകസമരത്തിന് പിന്തുണയേറുന്നു
അതേസമയം, കർഷകസമരത്തിന് പിന്തുണയുമായി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും മുൻ എൻഡിഎ സഖ്യകക്ഷിയായ അകാലിദളിന്‍റെ മുതിർന്ന നേതാവുമായ പ്രകാശ് സിംഗ് ബാദൽ പദ്മവിഭൂഷൻ തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. ശിരോമണി അകാലിദൾ നേതാവ് സുഖ് ദേവ് സിങ് ധിൻസയും പത്മഭൂഷൺ പുരസ്കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു.
ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ് സിംഘു അതിർത്തിയിൽ സമരം ചെയ്യുന്ന കർഷകരെ കാണാനെത്തി. പഞ്ചാബിലെ പ്രശസ്തരായ സാംസ്കാരിക, കലാപ്രവർത്തകർ സമരത്തിന് പിന്തുണയേകാനെത്തി. ഗായകൻ ജാസി ബി, അമരീന്ദർ ഗിൽ, ഗിപ്പി ഗ്രേവാൾ, കരംജീത് അൻമോൾ എന്നിവരും, ഹാസ്യതാരം ഗുർപ്രീത് ഖുഗ്ഗിയും കർഷകസമരത്തിന് പിന്തുണയുമായി സന്ദേശങ്ങൾ പുറത്തുവിട്ടു.
ദില്ലി ചലോ മാർച്ചിന്‍റെ പശ്ചാത്തലത്തിൽ നിയമത്തിൽ കാര്യമായ മാറ്റങ്ങൾ ആലോചിക്കാൻ കേന്ദ്രസർക്കാരിന് മേൽ കടുത്ത സമ്മർദ്ദമേറുകയാണ്. ദില്ലി അതിർത്തികളെല്ലാം അടച്ചിട്ടിരിക്കുകയാണ്. രാജസ്ഥാനിലേക്കുള്ള ദില്ലിയിൽ നിന്നുള്ള റോഡുകളും അടച്ചിടേണ്ട സാഹചര്യമാണ്.
അതേസമയം, രാജ്യവ്യാപകമായ സമരം തുടങ്ങുമെന്ന മുന്നറിയിപ്പുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി രംഗത്തെത്തി. കർഷകരുടെ ആശങ്കകൾ സർക്കാർ അടിയന്തരമായി പരിഗണിക്കണം. ഇല്ലെങ്കിൽ, പശ്ചിമബംഗാളിലും സമാനമായ സമരം തുടങ്ങുമെന്നും മമത പ്രഖ്യാപിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam