
ദില്ലി: കാർഷികനിയമഭേദഗതിക്ക് എതിരെ രാജ്യതലസ്ഥാനത്തിന്‍റെ അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന ട്രാക്ടർ റാലി തടയണമെന്ന അപേക്ഷയിൽ ഇടപെടില്ലെന്ന് സുപ്രീംകോടതി. ക്രമസമാധാനപ്രശ്നങ്ങൾ പൊലീസിന്‍റെ വിഷയമാണെന്നും, അത്തരത്തിൽ തീരുമാനമെടുക്കാൻ നിങ്ങൾക്ക് എല്ലാ അവകാശവുമുണ്ടല്ലോ എന്നും സുപ്രീംകോടതി ദില്ലി പൊലീസിനോട് പറഞ്ഞു. ദില്ലി പൊലീസ് തന്നെയാണ് റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലേക്ക് നടത്താനിരിക്കുന്ന കർഷകരുടെ ട്രാക്ടർ റാലി തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയത്. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിച്ചത്. റിപ്പബ്ലിക് ദിനത്തിന് പിറ്റേന്ന്, അതായത് അടുത്ത ബുധനാഴ്ച ഇനി കേസ് പരിഗണിക്കും.
അങ്ങനെയെങ്കിൽ ഈ വിഷയത്തിൽ ഇടപെടുന്നില്ല എന്നത് ഉത്തരവിൽ എഴുതി നൽകാമോ എന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ചോദിച്ചു. അങ്ങനെയെങ്കിൽ അത് ദില്ലി പൊലീസിന്‍റെ 'കരങ്ങളെ ശക്തമാക്കുമെന്നും' അറ്റോർണി ജനറൽ പറഞ്ഞു.
കേന്ദ്രസർക്കാരിന് 'നിയമത്തിന്‍റെ ശക്തി തന്നെ' മതിയാകുമെന്നായിരുന്നു അപ്പോൾ സുപ്രീംകോടതിയുടെ മറുപടി. ഇക്കാര്യത്തിൽ ഒരു ഉത്തരവ് നൽകാൻ സുപ്രീംകോടതി വിസമ്മതിച്ചു. വാക്കാൽ പരാമർശം മാത്രമാണ് ഇക്കാര്യത്തിൽ നടത്തിയിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam