രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷൻ സ്വീകരിച്ചു; ജോസ് കെ മാണി ഇനി എംപി അല്ല

Web Desk   | Asianet News
Published : Jan 18, 2021, 11:46 AM IST
രാജിക്കത്ത് രാജ്യസഭ ഉപാദ്ധ്യക്ഷൻ സ്വീകരിച്ചു; ജോസ് കെ മാണി ഇനി എംപി അല്ല

Synopsis

വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. ഈ മാസം 9നാണ് ജോസ് കെ മാണി രാജിക്കത്ത് നൽകിയത്. 

ദില്ലി: രാജ്യസഭാ അം​ഗത്വം രാജിവച്ച ജോസ് കെ മാണിയുടെ രാജി രാജ്യസഭ ഉപാദ്ധ്യക്ഷൻ സ്വീകരിച്ചു. വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ പാലാ സീറ്റിൽ നിന്ന് മത്സരിക്കാനാണ് ജോസ് കെ മാണി എം പി സ്ഥാനം രാജിവച്ചത്. ഈ മാസം 9നാണ് ജോസ് കെ മാണി രാജിക്കത്ത് നൽകിയത്. 

ഇപ്പോൾ ഒഴിവിൽ വന്നിരിക്കുന്ന രാജ്യസഭാ സീറ്റ് കേരളാ കോൺ​ഗ്രസിന് തന്നെ ലഭിക്കുമെന്ന് സൂചനകളുണ്ട്. അങ്ങനെ വന്നാൽ മത്സരിക്കാനായി സ്റ്റീഫൻ ജോർജ്, പി  കെ സജീവ്, പി ടി ജോസ് എന്നീ മുതിർന്ന നേതാക്കളഉടെ പേരുകളാണ് പരി​ഗണിക്കുന്നത്. ​ഗുജറാത്തിലെ രാജ്യസഭാ ഉപതെരഞ്ഞെടുപ്പുകൾക്ക് ഒപ്പം ഈ സീറ്റിലും ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടൽ. 

കേരളാ കോൺഗ്രസ് എം പിളർത്തി ഇടതുമുന്നണിയിലെത്തിയ ജോസ് കെ മാണിക്ക് പാലാ സീറ്റ് നൽകിയാൽ നിലവിൽ പാലാ എംഎൽഎയായ മാണി സി കാപ്പനും പാർട്ടിയായ എൻസിപിയും എൽഡിഎഫ് വിടുമെന്ന് ഭീഷണി മുഴക്കിയിരുന്നു. അങ്ങനെ എൻസിപി പോകുന്നെങ്കിൽ പോകട്ടെയെന്നാണ് സിപിഎം നിലപാടെന്ന് ഉറപ്പായതോടെയാണ് ജോസ് കെ മാണി എംപി സ്ഥാനം രാജിവച്ച് നിയമസഭയിൽ കളത്തിലിറങ്ങാൻ ഒരുങ്ങുന്നത്. 

ജോസ് വിഭാഗത്തെ കേരള കോണ്‍ഗ്രസ് ഔദ്യോഗിക പക്ഷമായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത് ജനപ്രതിനിധികളുടെ എണ്ണം കൂടി കണക്കിലെടുത്താണ്. ഇതില്‍ രാജ്യസഭാംഗത്വവും നിര്‍ണായകമായിരുന്നു. നിലവില്‍ കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് രാജി സമര്‍പ്പിക്കുന്നതിന് മുന്‍പ് നിയമോപദേശം തേടിയത്. കേരള കോണ്‍ഗ്രസിന് തന്നെ അടുത്ത രാജ്യസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കുമെന്ന സാഹചര്യവും രാജിക്ക് ബലം നല്‍കി . യുഡിഎഫിലായിരുന്നപ്പോള്‍ ലഭിച്ച രാജ്യസഭാംഗത്വം തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ രാജി വെക്കുന്നതാണ് ഉചിതമെന്ന് സിപിഎം ജോസ് കെ മാണിയോട് അഭിപ്രായപ്പെട്ടിരുന്നു.  

കെ എം മാണി മത്സരിച്ച പാലായില്‍ തന്നെ ജോസും മത്സരിക്കണമെന്നതാണ് പാര്‍ട്ടിയിലെ പൊതുവികാരം. എന്നാല്‍ പാലായോടൊപ്പം മത്സരിക്കാന്‍  കടുത്തുരുത്തിയും പരിഗണിക്കുന്നുണ്ട്. അങ്ങനെയെങ്കില്‍ റോഷി അഗസ്റ്റിനെ, പകരം പാലായിലേക്ക് മത്സരിക്കാന്‍ നിയോഗിച്ചേക്കും. മധ്യതിരുവിതാംകൂറില്‍  ശക്തി ഏത്  കേരള കോണ്‍ഗ്രസിനാണെന്ന് തെളിയിക്കാനും പരമ്പരാഗത വലതു വോട്ടുകളെ ഇടത്പക്ഷത്തെ എത്തിച്ച് എല്‍ഡിഎഫിലെ പാര്‍ട്ടിയുടെ സ്വാധീനം കൂട്ടാനുമാണ്  ജോസ് വിഭാഗം ലക്ഷ്യമിടുന്നത്.
 

PREV
click me!

Recommended Stories

എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി
ഇന്ത്യൻ പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ, സോണിയ ഗാന്ധിക്ക് കോടതി നോട്ടീസ്, മറുപടി നൽകണം