ചെങ്കോട്ടയിൽ പതാക ഉയർത്താൻ നേതൃത്വം നൽകിയെന്ന് ആരോപിക്കപ്പെടുന്ന ദീപ് സിദ്ദു ആരാണ്?

By Web TeamFirst Published Jan 27, 2021, 11:59 AM IST
Highlights

ബിജെപി എംപി സണ്ണി ഡിയോളിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം ദീപ് സിദ്ദു നിൽക്കുന്ന ചിത്രങ്ങൾ ഇതിന് പിന്നാലെ പുറത്തു വന്നിരുന്നതാണ്. അക്രമങ്ങൾ വലിയ വിവാദമായതിന് പിന്നാലെ ഇതിനെല്ലാം പിന്നിൽ ബിജെപിയുടെ കയ്യുണ്ടെന്ന ആരോപണവും ശക്തം.

ദില്ലി: നേരത്തേ നിശ്ചയിച്ച വഴിയൊന്നുമല്ല റിപ്പബ്ലിക് ദിവസം കർഷകരുടെ ട്രാക്റ്റർ പരേഡ് നടന്നത്, പരേഡ് വഴി മാറി, സമരവും. ദില്ലി നഗരമധ്യത്തിൽ വലിയ അക്രമങ്ങൾ, പ്രതിഷേധങ്ങൾ, സമരങ്ങൾ എല്ലാം കണ്ട ദിവസമായിരുന്നു ഇന്നലെ. ദില്ലിയിലെ ചെങ്കോട്ടയിൽ ഒരു സംഘം കർഷകനേതാക്കൾക്കൊപ്പം കയറി ചില സിഖ് സംഘടനകളുടെ കൊടി ഉയർത്തുന്ന ദൃശ്യങ്ങളും ഇന്നലെ പുറത്തുവന്നു. ഇത് വലിയ വിവാദമായി. ഈ പ്രതിഷേധത്തിന് നേതൃത്വം നൽകിയത് നടനും സാമൂഹ്യപ്രവർത്തകനുമായ ദീപ് സിദ്ദുവായിരുന്നു. കഴിഞ്ഞ കുറച്ചുകാലമായി ദീപ് സിദ്ദു വളരെ സജീവമായി കർഷകസമരത്തിന്‍റെ മുന്നണിയിലുണ്ട്. സിഖ് സമുദായത്തിന്‍റെ അടയാളമായ 'നിഷാൻ സാഹിബ്' എന്ന പതാക ഉയർത്തിയതിനെ രാത്രി ഫേസ്ബുക്ക് ലൈവിലെത്തി ദീപ് സിദ്ദു ന്യായീകരിക്കുകയും ചെയ്തു. ആരാണീ ദീപ് സിദ്ദു? 

ആരാണ് ദീപ് സിദ്ദു?

2015-ൽ രംതാ ജോഗി എന്ന ചിത്രത്തിലൂടെയാണ് ദീപ് സിദ്ദു സിനിമാരംഗത്തേക്ക് എത്തുന്നത്. നടനാണ്, ഒപ്പം സാമൂഹ്യപ്രവർത്തകനുമാണ് സിദ്ദു. 1984-ൽ പഞ്ചാബിലെ മുക്ത്സാർ ജില്ലയിലാണ് ജനിച്ചത്.

സണ്ണി ഡിയോളിന്‍റെ അടുത്ത അനുയായി ആയിരുന്നു ദീപ്. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് സണ്ണിയുടെ ഒപ്പമുണ്ടായിരുന്നു മുഴുവൻ സമയവും. റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന്‍റെ ദൃശ്യങ്ങളും ചെങ്കോട്ടയിലെ കൊടിയുയർത്തൽ ദൃശ്യങ്ങളും പുറത്ത് വന്നതിന് പിന്നാലെ, സിദ്ദുവും സണ്ണി ഡിയോളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഒന്നിച്ച് നിൽക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിരുന്നു.

രാഷ്ട്രീയനേതാക്കളും കർഷകനേതാക്കളും പറയുന്നതെന്ത്?

റിപ്പബ്ലിക് ദിനത്തിലെ സംഘർഷത്തിന് പിന്നാലെ സിദ്ദുവിൽ നിന്ന് അകലം പാലിക്കുകയാണ് സണ്ണി ഡിയോൾ അടക്കമുള്ള ഭരണകക്ഷി രാഷ്ട്രീയനേതാക്കളും ശശി തരൂരും യോഗേന്ദ്രയാദവ് അടക്കമുള്ള പ്രതിപക്ഷ, കർഷക നേതാക്കളും. 

''ചെങ്കോട്ടയിൽ നടന്നത് ദുഃഖകരമായ സംഭവമാണ്. ട്വിറ്ററിൽ ഞാൻ നേരത്തേ വ്യക്തമാക്കിയതാണ്. എനിക്കും എന്‍റെ കുടുംബത്തിനും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ല. ജയ് ഹിന്ദ്'', എന്ന് സണ്ണി ഡിയോൾ. 

''അക്രമങ്ങളെ ഒരിക്കലും അംഗീകരിക്കാനാകില്ല. റിപ്പബ്ലിക് ദിനത്തിൽ ദേശീയപതാകയല്ലാതെ മറ്റൊരു പതാകയും ചെങ്കോട്ടയിൽ പറക്കരുത്. ഇത് അംഗീകരിക്കില്ല'', എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ.

''ഞങ്ങളുടെ സമരരീതിയായിരുന്നില്ല തുടക്കം മുതലേ അവർക്ക്'', എന്നാണ് സ്വരാജ് അഭിയാൻ നേതാവ് യോഗേന്ദ്രയാദവ് വ്യക്തമാക്കിയത്. ശംഭു അതിർത്തിയിലുള്ള സമരത്തിലാണ് ദീപ് സിദ്ദു എത്താറുള്ളത്. അവിടെ ആദ്യം മുതൽക്കേ സിദ്ദുവിന്‍റെ സമരരീതിയുമായി ഞങ്ങൾക്ക് യോജിപ്പുണ്ടായിരുന്നില്ല എന്നും യാദവ്. 

41 കർഷകസംഘടനകളുടെ സംയുക്ത കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയും ദീപ് സിദ്ദുവുമായി ഒരു ബന്ധവുമില്ലെന്ന നിലപാടെടുക്കുന്നു. 

സിദ്ദു പറയുന്നതെന്ത്?

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിദ്ദു പറയുന്നത്. സിഖ് സമുദായത്തിന്‍റെ അടയാളമായ 'നിഷാൻ സാഹിബ്' എന്ന പതാക ഉയർത്തി, കിസാൻ മസ്ദൂർ ഏക്തയെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും സിദ്ദു ഇന്നലെ രാത്രി ഫേസ്ബുക്ക് ലൈവിലെത്തി പറഞ്ഞിരുന്നു.

click me!