ബെംഗളൂരുവിൽ അപ്പാർട്ട്മെൻ്റ് കോംപ്ലക്സിൽ പുലി ! പിടിക്കാൻ ശ്രമം തുടരുന്നു

By Web TeamFirst Published Jan 27, 2021, 10:37 AM IST
Highlights

അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നതെന്നാണ് അനുമാനം. അടുത്തടുത്ത ദിവസങ്ങളിൽ പുലിയെ കണ്ടത് പ്രദേശവാസികളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. 
 

ബെംഗളൂരു: ബെംഗളൂരുവിൽ ജനവാസ മേഖലയിൽ പുലി. ബെന്നാർഘട്ട മേഖലയിലെ അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് പുലിയെ കണ്ടത്. പ്രദേശത്ത് ഇതാദ്യമായല്ല പുലിയെ കാണുന്നത്. ബെന്നാർഘട്ട നാഷണൽ പാർക്കിൻ്റെ സമീപത്താണ് ഈ അപ്പാർട്ട്മെന്റ് കോംപ്ലെക്സ് ഇവിടെ നിന്നായിരിക്കും പുലിയെത്തിയതെന്നാണ് അനുമാനം. 

പുലിയെ പിടിക്കാനായി വനം വകുപ്പ് ഉദ്യോഗസ്ഥർ കെണി വച്ചിട്ടുണ്ട്. അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള സ്ഥലത്താണ് പുലി ഒളിച്ചിരിക്കുന്നതെന്നാണ് അനുമാനം. കഴിഞ്ഞ ദിവസം പുലി അപ്പാർട്ട്മെന്‍റിനകത്ത് റോന്ത് ചുറ്റുന്ന ദൃശ്യങ്ങൾകൂടി പുറത്തുവന്നതോടെ പ്രദേശവാസികൾ ആശങ്കയിലാണ്. വനംവകുപ്പ് കൂടുതല്‍ കൂടുകൾ സ്ഥാപിച്ച് പുലിയെ പിടികൂടാനായി ശ്രമം തുടരുകയാണ്.

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് ബെംഗളൂരു നഗരത്തില്‍ നിന്നും 20 കിലോ മീറ്റർ മാറി ബന്നാർഘട്ട റോഡില്‍ ജനവാസമേഖലയില്‍ പുലിയെ കണ്ടത്. പുലി കോളനിക്ക് സമീപത്തെ റോഡ് മുറിച്ച് കടക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് ആദ്യം പുറത്തുവന്നത്. തുടർന്ന് ദിവസങ്ങളായി പുലിയെ പിടികൂടാന്‍ വനംവകുപ്പധികൃതർ ശ്രമം തുടരുകയാണ്. ഇതേ തുടർന്ന് പ്രദേശവാസികൾ ആശങ്കയില്‍ കഴിയവേയാണ് ഇന്നലെ രാത്രിയോടെ പുലി അപ്പാർട്ട്മെന്‍റിനകത്ത് കറങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നത്.

ബെംഗളൂരു റൂറലില്‍ ബന്നാർഘട്ട റോഡിന് സമീപം ബേഗൂർ അപ്പാർട്ട്മെന്‍റിലെ താമസക്കാരാണ് ഈ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തിയത്. ഇതോടെ ഭീതിയിലായ പ്രദേശവാസികൾ പുലിയെ ഉടന്‍ പിടികൂടണമെന്ന ആവശ്യം ശക്തമാക്കി. വനംവകുപ്പ് കൂടുതല്‍ സ്ഥലങ്ങളില്‍ കൂടുകൾ സ്ഥാപിച്ച് ശ്രമം തുടരുകയാണ്. അതേസമയം ബന്നാർഘട്ട വന്യജീവി സങ്കേതത്തിന് സമീപത്തെ അശാസ്ത്രീയമായ കെട്ടിട നിർമാണമാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന വിമർശനവും ശക്തമാണ്.

click me!