'ഇത് കർഷകറിപ്പബ്ലിക്', ഒരു ലക്ഷത്തോളം ട്രാക്ടറുകൾ ദില്ലിയിലേക്ക്, ഐതിഹാസിക സമരം ഇന്ന്

By Web TeamFirst Published Jan 26, 2021, 7:19 AM IST
Highlights

പന്ത്രണ്ട് മണിയോടെ രാജ്പഥിൽ റിപ്പബ്ലിക് ദിനപരേഡ് അവസാനിച്ച ശേഷമാകും കർഷകസംഘടനകളുടെ മാർച്ച് തുടങ്ങുക. നേരത്തേ ദില്ലി പൊലീസിന് ഒരു റൂട്ട് മാപ്പ് കർഷകർ കൈമാറിയിട്ടുണ്ട്. കനത്ത സുരക്ഷാ വലയത്തിലാണ് ദില്ലി.

ദില്ലി: കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കർഷകരുടെ ട്രാക്ടർ പരേഡ് ഇന്ന്. ഐതിഹാസിക പ്രതിഷേധത്തിനാണ് രാജ്യം സാക്ഷിയാകുക. റിപ്പബ്ലിക് ഡേ പരേഡിന് പിന്നാലെ 12 മണിയോടെ ട്രാക്റ്റർ പരേഡും തുടങ്ങും. ഒരു ലക്ഷത്തിലധികം ട്രാക്റ്ററുകൾ പരേഡിൽ പങ്കെടുക്കും. 2500-ൽ അധികം വോളണ്ടിയർമ്മാരെ നിയോഗിച്ചിട്ടുണ്ട്. ഒരു ട്രാക്ടറിൽ നാല് ആളുകളിൽ കൂടുതൽ ഉണ്ടാകില്ല.

സിംഗു, ടിക്രി, ഗാസിപൂർ അതിർത്തികളിലാണ് റാലിക്ക് അനുമതി. ദില്ലി പൊലീസ് മൂന്ന് റൂട്ടുകളും പരിശോധിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുകയും ചെയ്‌തിട്ടുണ്ട്. അതേസമയം സമരം സമാധാനപരമായിട്ടാകും നടത്തുകയെന്ന് കർഷക നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. സമരത്തിന്‍റെ ഭാഗമാകാൻ കൂടുതൽ കർഷകർ ദില്ലി അതിർത്തികളിലേക്ക് ഒഴുകുകയാണ്. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പോലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ദില്ലിയിൽ വ്യാപകമായി ഗതാഗത നിയന്ത്രണങ്ങളുണ്ട്. ഹരിയാനയിലെ കർണാലിൽ നിന്ന് ദില്ലിയിലേക്കുള്ള ദേശീയ പാത താൽകാലികമായി ദില്ലി പൊലീസ് അടച്ചു. 

ട്രാക്ടർ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാർലമെന്‍റിലേക്ക് കാൽനടമാർച്ച് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരുന്നു. സമരഭൂമിയിൽ നിന്ന് പാർലമെന്‍റിലേക്ക് മാർച്ച് നടത്താനാണ് തീരുമാനം. റാലിയുടെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ റിപ്പബ്ലിക് ദിനത്തലേന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി സ്ഥിതിഗതികൾ വിലയിരുത്തി. 

രാജ്പഥിൽ റിപ്പബ്ലിക് ദിന പരേഡ് അവസാനിക്കുമ്പോള്‍ത്തന്നെ, ദില്ലി അതിർത്തികളിൽ കർഷകശക്തി വിളിച്ചോതുന്ന ട്രാക്ടർ റാലിക്ക് തുടക്കമാകും. റാലിക്കായുള്ള മുന്നൊരുക്കങ്ങളെല്ലാം സമരഭൂമികളിൽ തയ്യാറാണ്. ദില്ലിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളിൽ ദേശീയ പതാകയും കര്‍ഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. പൊലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി. എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷകസംഘടനകളുടെ പ്രഖ്യാപനം. റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.

അതേസമയം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളിലും കർഷകർക്ക് പിന്തുണയുമായി വൻറാലികൾ നടക്കുന്നുണ്ട്. എല്ലാ റാലികളുടെയും തത്സമയസംപ്രേഷണം കാണാം:

click me!