ദേശീയ പാത ഉപരോധം: ദില്ലിയിൽ കനത്ത സുരക്ഷ, സംയമനം കൈവിടരുതെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ

Published : Feb 06, 2021, 10:48 AM ISTUpdated : Feb 06, 2021, 10:52 AM IST
ദേശീയ പാത ഉപരോധം: ദില്ലിയിൽ കനത്ത സുരക്ഷ, സംയമനം കൈവിടരുതെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ

Synopsis

ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ദില്ലി: റിപ്പബ്ലിക് ദിനത്തിലെ വലിയ കർഷക പ്രതിഷേധത്തിനും സംഘർഷത്തിനും ശേഷം രാജ്യം മറ്റൊരു വലിയ പ്രതിഷേധത്തിന് വേദിയാകുകയാണ്. ദില്ലി, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ് ഒഴികെയുള്ള സംസ്ഥാനങ്ങളിലെ ദേശീയ, സംസ്ഥാന പാതകൾ 3 മണിക്കൂർ ഉപരോധിക്കാനാണ് കർഷക സംഘടനകളുടെ ആഹ്വാനം. ഉച്ചക്ക് 12 മുതൽ 3 മണി വരെയാണ് ഉപരോധത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

ഭാരത് ബന്ദല്ല പകരം റോഡ് ഉപരോധത്തിന് മാത്രമാണ് ആഹ്വാനമെന്നും ഒരു രീതിയിലും സംയമനം കൈവിടരുതെന്നും കർഷക സംഘടനകൾ ആവർത്തിച്ച് ആവശ്യപ്പെട്ടു. സംയുക്ത കിസാൻ മോർച്ച നൽകിയ നിർദ്ദേശങ്ങൾ പൂർണ്ണമായി പാലിക്കണമെന്നും സംഘടനകൾ കർഷകർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. അടിയന്തര സർവീസുകൾ ഉപരോധ സമയത്ത് അനുവദിക്കും. സർക്കാർ ഉദ്യോഗസ്ഥരോ ജനങ്ങളോ ആയി തർക്കമുണ്ടാകരുത്. സമാധാനപരമായി മാത്രം ഉപരോധം നടത്തണമെന്നും സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. 

ജനവരി 26 ആവർത്തിക്കാതിരിക്കാൻ വൻ സന്നാഹങ്ങളാണ് എല്ലായിടത്തും പൊലീസ് ഒരുക്കിയിരിക്കുന്നത്. പ്രതിഷേധക്കാർ ദില്ലി അതിർത്തി കടക്കാതിരിക്കാൻ ബാരിക്കേഡുകൾക്കും മുളളുവേലികൾക്കും പുറമെ കോൺഗ്രീറ്റ് കട്ടകൾ ഉപയോഗിച്ച് മതിലുകളും പൊലീസ് നിർമ്മിച്ചിട്ടുണ്ട്. 50,000 അർധ സൈനികരെ ദില്ലിയിൽ വിന്യസിച്ചു. 12 മെട്രോ സ്റ്റേഷനുകളിൽ ജാഗ്രത നിർദ്ദേശം നൽകി. ദില്ലി മെട്രൊയുടെ മണ്ടി ഹൗസ്, ഐടിഒ, ദില്ലി ഗെയ്റ്റ്, വിശ്വവിദ്യാലയ എന്നീ സ്റ്റേഷനുകൾ അടച്ചു. നേരത്തെ റിപ്പബ്ലിക്ക് ദിനത്തിൽ സംഘർഷം നടന്ന ചെങ്കോട്ട, മിൻറ്റോ റോഡ് എന്നിവിടങ്ങൾ കനത്ത സുരക്ഷാവലയത്തിലാണ്. യുപി അതിർത്തിയായ ഗാസിപ്പൂരിലും രാജസ്ഥാൻ അതിർത്തിയായ ഷാജഹാൻപൂരിലും സിഘുവിലും തിക്രിയിലും സമരക്കാരെ നേരിടാൻ കനത്ത സുരക്ഷ സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രക്ഷോഭ കേന്ദ്രങ്ങളിൽ ഇന്റർനെറ്റ് നിയന്ത്രണമേർപ്പെടുത്തി.  

സമരത്തിന് മുന്നോടിയായി ഇന്നലെ ഉത്തർ പ്രദേശിലെ ഷാമിലിയിൽ വിലക്ക് ലംഘിച്ച് മഹാപഞ്ചായത്ത് ചേർന്നത് പൊലീസിന് തിരിച്ചടിയായി.  മഹാ പഞ്ചായത്തിൽ പങ്കെടുത്ത  30 കർഷക നേതാക്കൾക്ക് യുപി പൊലീസ് നോട്ടീസ് നൽകി. പൊലീസുമായി രണ്ട് ലക്ഷം രൂപയുടെ ബോണ്ടിൽ ഏർപ്പെടണമെന്നും ക്രമസമാധാന പ്രശ്നം ഉണ്ടാകാതെയിരിക്കാനുള്ള മുൻകരുതലിനാണ് ബോണ്ടെന്നുമാണ് പൊലീസ് വാദം. സമരത്തിന് കോൺഗ്രസ് പൂർണ പിന്തുണ പ്രഖ്യാപിച്ചു. 
 
കർഷക സമരത്തിൽ കേന്ദ്ര സർക്കാരും പ്രതിഷേധക്കാരും സംയമനം പാലിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു. പ്രശ്നത്തിൽ മനുഷ്യാവകാശം ഉറപ്പാക്കി എത്രയും വേഗം പരിഹാരം കാണണം. സമാധാനപരമായി പ്രതിഷേധങ്ങൾക്കായി ഒത്തു കൂടാൻ എല്ലാവർക്കും അവകാശമുണ്ട്. ഇത് സംരക്ഷിക്കപ്പെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ പ്രതികരണം ലഭ്യമായിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ആംബുലൻസ് സൗകര്യം നൽകിയില്ലെന്ന് ആരോപണം; ജാർഖണ്ഡിൽ നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് ബാഗിൽ ചുമന്ന് കുടുംബം
ഉത്ര കൊലക്കേസിന് സമാനം, മക്കൾ അച്ഛനെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊന്നു, കൃത്യം ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ