
ദില്ലി: പാക് അധീന കശ്മീര്‍ ഉണ്ടാകാൻ കാരണം നെഹ്റുവാണെന്ന കേന്ദ്ര പ്രതിരോധ മന്ത്രി അമിത് ഷായുടെ വാദങ്ങൾ തള്ളി ഫറൂഖ് അബ്ദുള്ള. ഇന്ത്യൻ സൈന്യം ഏറ്റുമുട്ടൽ നിർത്തിയതു കൊണ്ടാണ് പൂഞ്ചും രജൗരിയും സംരക്ഷിക്കാൻ സൈന്യത്തിന് കഴിഞ്ഞത്. അല്ലായിരുന്നെങ്കിൽ ഈ പ്രദേശങ്ങളും ഇന്ത്യക്ക് നഷ്ടമാകുമായിരുന്നു. വിഷയം യുഎന്നിന് വിടാൻ വല്ലഭായ് പട്ടേലും മൗണ്ട് ബാറ്റണും നിര്‍ദ്ദേശിച്ചിരുന്നുവെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
ജമ്മു കശ്മീര്‍ പുനഃസംഘടനാ ഭേദഗതി ബിൽ അവതരണത്തിനിടെയാണ് അമിത് ഷായുടെ വിവാദ പരാമര്‍ശങ്ങള്‍. പാക് അധീന കശ്മീര്‍ നെഹ്റുവിന്റെ അബദ്ധമെന്നാണ് അമിത് ഷാ വിമര്‍ശിച്ചത്. ജമ്മു കശ്മീര്‍ നിയമസഭയിലെ ഒരു സീറ്റ് പാക്ക് അധീന കാശ്മീരില്‍ നിന്ന് പലായനം ചെയ്യേണ്ടി വന്നവർക്കായി സംവരണം ചെയ്യുമെന്നടക്കം വ്യവസ്ഥകളുള്ള ബിൽ, ലോക്സഭയിൽ ഭരണപക്ഷത്തിന്റെ പിന്തുണയോടെ പാസായി.
ഭീകര പ്രവർത്തനം കശ്മീരിൽ വർധിച്ചപ്പോഴും കോണ്‍ഗ്രസ് സർക്കാർ ശ്രദ്ധ നൽകിയില്ലെന്ന് അമിത് ഷാ തന്റെ പ്രസംഗത്തിൽ കുറ്റപ്പെടുത്തി. പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്. അനുച്ഛേദം 370 നീക്കിയതോടെ ജമ്മു കശ്മീർ സുരക്ഷിതമായെന്നും അദ്ദേഹം പറഞ്ഞു. അമിത് ഷായ്ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷ എംപിമാർ പ്രതിപഷേധിക്കുകയും പിന്നാലെ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. നെഹ്റുവിന് അബദ്ധമെന്ന് പറഞ്ഞപ്പോള്‍ ഇത്രയും ബഹളം എങ്കില്‍ ഹിമാലയൻ അബദ്ധമെന്ന് പറഞ്ഞിരുന്നെങ്കില്‍ പ്രതിപക്ഷ എംപിമാർ രാജിവെച്ചേനെയെന്നായിരുന്നു അമിത് ഷായുടെ പരിഹാസം.
ഏഷ്യാനെറ്റ് ന്യൂസ് | Latest News updates
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam