
മുംബൈ: റോഡരികിൽ പാർക്ക് ചെയ്ത അച്ഛന്‍റെ കാർ ഇടിച്ച് തെറിപ്പിച്ച് മകൻ. മറ്റൊരു കാറുമായി എത്തി അച്ഛന്‍റെ കാറിൽ രണ്ട് തവണ ഇടിപ്പിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ബദ്‍ലാപുരിലാണ് സംഭവം. കാർ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. കുടുംബ വഴക്കാണ് കാരണമെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ വൈകുന്നേരമാണ് സംഭവം. അംബർനാഥിലെ ചിഖോലിക്ക് സമീപം നടന്ന സംഭവത്തിൻ്റെ വീഡിയോ, സമീപത്തുള്ള ഒരാൾ ഷൂട്ട് ചെയ്യുകയും പിന്നീട് സോഷ്യൽ മീഡിയയിൽ വൈറലാവുകയുമായിരുന്നു. വൈകിട്ട് 6:30ന് ബിന്ദേശ്വർ ശർമയും കുടുംബവും കല്യാൺ-ബദ്‌ലാപൂർ സംസ്ഥാനപാതയിലൂടെ കാറോടിക്കുകയായിരുന്നു. ബിന്ദേശ്വർ ഒരു വെളുത്ത ടൊയോട്ട ഫോർച്യൂണറിലാണ് യാത്ര ചെയ്തിരുന്നത്.
കുടുംബത്തിലെ മറ്റ് അംഗങ്ങളും കാറിലുണ്ടായിരുന്നു. ഈ വാഹനത്തെ കറുത്ത ടാറ്റ സഫാരിയിൽ മകൻ സതീഷ് പിന്തുടർന്നു. സതീഷ് ആദ്യം തന്‍റെ പിതാവിന്‍റെ കാറിനെ പിന്നിൽ നിന്ന് ഇടിച്ച് മുന്നോട്ട് പോയി. പിന്നീട് വണ്ടി ഓടിച്ച് തിരികെ വന്നും ഇടിക്കുകയായിരുന്നു.
ആദ്യം കാര്‍ ഇടിച്ചപ്പോൾ ഡ്രൈവര്‍ പുറത്തിറങ്ങി തടയാൻ ശ്രമിച്ചു. എന്നാല്‍, സതീഷ് ഡ്രൈവറിനെയും അടുത്തു നിന്നിരുന്ന പ്രായപൂർത്തിയാകാത്ത ഒരാളെയും കൂടി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ഇരുചക്രവാഹനത്തിലെത്തിയ നാട്ടുകാരനെയും ഇടിച്ചുവീഴ്ത്തി. അംബർനാഥ് പൊലീസ് സതീഷിനെതിരെ വധശ്രമത്തിന് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam