
ദില്ലി: തത്കാൽ ടിക്കറ്റ് ബുക്കിംഗ് കൂടുതൽ സുതാര്യമാക്കുന്നതിൻ്റെ ഭാഗമായി യാത്രക്കാരുടെ മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കി ഇന്ത്യൻ റെയിൽവേ. റെയിൽവേ ബോർഡ് പുറത്തിറക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ഡിസംബർ 1 മുതൽ ഈ സുരക്ഷാ സംവിധാനം നടപ്പിലാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് യാത്രക്കാർ നൽകുന്ന മൊബൈൽ നമ്പറിലേക്ക് സിസ്റ്റം ജനറേറ്റ് ചെയ്യുന്ന ഒടിപി അയയ്ക്കും. ഒടിപി വെരിഫൈ ചെയ്താൽ മാത്രമേ ടിക്കറ്റ് ഇഷ്യൂ ചെയ്യുകയുള്ളൂ എന്ന് വെസ്റ്റേൺ റെയിൽവേ പ്രസ്താവനയിൽ അറിയിച്ചു.
യഥാർത്ഥ യാത്രക്കാർക്ക് തത്കാൽ ടിക്കറ്റുകളിലേക്ക് മെച്ചപ്പെട്ട പ്രവേശനം ഉറപ്പാക്കുക, ബുക്കിംഗിലെ സുതാര്യത വർദ്ധിപ്പിക്കുക എന്നിവയാണ് ഈ മാറ്റത്തിൻ്റെ പ്രധാന ലക്ഷ്യം. ഐആർസിടിസി വെബ്സൈറ്റ്, മൊബൈൽ ആപ്പ്, റെയിൽവേ കൗണ്ടറുകൾ ഉൾപ്പെടെ എല്ലാ ബുക്കിംഗ് ചാനലുകൾക്കും വഴിയും ഈ പുതിയ സംവിധാനം ബാധകമാകും. മുംബൈ സെൻട്രൽ-അഹമ്മദാബാദ് ശതാബ്ദി എക്സ്പ്രസ് (ട്രെയിൻ നമ്പർ 12009/12010) ലാണ് ഒടിപി അടിസ്ഥാനമാക്കിയുള്ള ഈ തത്കാൽ ഓതൻ്റിക്കേഷൻ സംവിധാനം ആദ്യ ഘട്ടത്തിൽ നടപ്പിലാക്കുക. തുടർന്ന് ഇത് റെയിൽവേ ശൃംഖലയിലെ മറ്റ് ട്രെയിനുകളിലേക്കും വ്യാപിപ്പിക്കും.
തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ സാധാരണ പോലെ തുടരും. ബുക്കിംഗ് സമയത്തിന് മുൻപ് ഐആർസിടിസി അക്കൗണ്ടിൽ ലോഗിൻ ചെയ്യുക, യാത്രയുടെ വിവരങ്ങൾ നൽകുക, 'തത്കാൽ' ഓപ്ഷൻ തിരഞ്ഞെടുക്കുക, തുടർന്ന് യാത്രക്കാരുടെ വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന ഘട്ടങ്ങൾ. (ഭാവി ബുക്കിംഗുകൾക്കായി വിവരങ്ങൾ 'മാസ്റ്റർ ലിസ്റ്റ്' ഫീച്ചറിൽ സേവ് ചെയ്യാം.)
പേയ്മെൻ്റ്: നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡുകൾ, അല്ലെങ്കിൽ പേയ്മെൻ്റ് വാലറ്റുകൾ ഉപയോഗിച്ച് വേഗത്തിൽ പണം അടച്ച് ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കണം. 2025 ഒക്ടോബർ 28 മുതൽ നിലവിൽ വന്ന ഐആർസിടിസി. അപ്‌ഡേറ്റ് അനുസരിച്ച്, റിസർവേഷൻ തുറക്കുന്ന ആദ്യ ദിവസമായ രാവിലെ 8 മണിക്കും 10 മണിക്കും ഇടയിലുള്ള ടിക്കറ്റ് ബുക്കിംഗുകൾക്ക് ആധാർ ഓതൻ്റിക്കേഷൻ നിർബന്ധമാണ്. ആധാർ വെരിഫൈ ചെയ്യാത്ത ഉപയോക്താക്കൾക്ക് ഈ സമയത്തിന് പുറത്ത് ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam