ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു; മനം നൊന്ത് അച്ഛന്റെ ആത്മഹത്യ

By Web TeamFirst Published Aug 17, 2019, 1:53 PM IST
Highlights

ഹരീഷിന്റെ ബൈക്ക് ഒരു സ്ത്രീയെ ഇടിച്ചുവെന്ന കാരണത്താലായിരുന്നു മര്‍ദ്ദനം. തലയ്ക്ക് ഗുരുതര മര്‍ദ്ദനമേറ്റ ഹരീഷ് വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മകന്റെ മരണത്തെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു റയ്ത്രാം
 

ജയ്പൂര്‍: വാഹനാപകടത്തിന്റെ പേരില്‍ ദളിത് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതിന് പിന്നാലെ സംഭവത്തില്‍ മനം നൊന്ത് അച്ഛന്റെ ആത്മഹത്യ. രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ റയ്ത്രാം ജാതവ് എന്ന അറുപതുകാരനാണ് വിഷം കഴിച്ച് മരിച്ചത്.

ഇദ്ദേഹത്തിന്റെ മകന്‍ ഹരീഷിനെ (28) കഴിഞ്ഞ മാസം ബൈക്കപകടത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഹരീഷിന്റെ ബൈക്ക് ഒരു സ്ത്രീയെ ഇടിച്ചുവെന്ന കാരണത്താലായിരുന്നു മര്‍ദ്ദനം. തലയ്ക്ക് ഗുരുതര മര്‍ദ്ദനമേറ്റ ഹരീഷ് വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. 

മകന്റെ മരണത്തെ തുടര്‍ന്ന് കടുത്ത നിരാശയിലായിരുന്നു റയ്ത്രാം. സംഭവത്തില്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും ഇതുവരെ ഒരു അറസ്റ്റ് പോലും ഉണ്ടായിരുന്നില്ല. മകന് നീതി നിഷേധിക്കപ്പെട്ടുവെന്ന് റയ്ത്രാം പലതവണ പറഞ്ഞിരുന്നതായി ഇവരുടെ ബന്ധുക്കള്‍ അവകാശപ്പെടുന്നു.

ഹരീഷിന്റെ ഘാതകരെ പിടികൂടണമെന്നും ന്യായമായ നഷ്ട
പരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കുടുംബത്തിലെ ആര്‍ക്കെങ്കിലും സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിക്കുന്നു. ഇതിനിടെ സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് കോണ്‍ഗ്രസ്- ബിജെപി തര്‍ക്കവും രൂക്ഷമാവുകയാണ്.

click me!