ആവശ്യത്തിന് ബസ്സില്ല; പരീക്ഷാകേന്ദ്രത്തിൽ എത്താന്‍ അച്ഛനും മകനും സൈക്കിള്‍ ചവിട്ടിയത് 75 കിലോമീറ്റര്‍

By Web TeamFirst Published Sep 3, 2020, 9:44 PM IST
Highlights

ആവശ്യത്തിന് ബസ് ഇല്ലാത്തതും ഉള്ള ബസ്സുകള്‍ തിങ്ങിനിറഞ്ഞ് പോകുന്നത് കൊണ്ടുമാണ് സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് പിതാവ് റാബി മൊണ്ടാൽ പറയുന്നു.

കൊല്‍ക്കത്ത: പരീക്ഷയെഴുതാന്‍ അച്ഛനും മകനും സൈക്കിള്‍ ചവിട്ടയത് 75 കിലോമീറ്റര്‍. പശ്ചിമ ബംഗാളിലെ ഗൊസാബയിലെ അച്ഛനും മകനുമാണ് ജെഇഇ പരീക്ഷാ കേന്ദ്രത്തിലെത്താന്‍ ഇത്രയേറെ ദൂരം സൈക്കിള്‍ ചവിട്ടിയത്. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്കിലായിരുന്നു പരീക്ഷാകേന്ദ്രം.  

ആവശ്യത്തിന് ബസ് ഇല്ലാത്തതും ഉള്ള ബസ്സുകള്‍ തിങ്ങിനിറഞ്ഞ് പോകുന്നത് കൊണ്ടുമാണ് സൈക്കിള്‍ തിരഞ്ഞെടുത്തതെന്ന് പിതാവ് റാബി മൊണ്ടാൽ പറയുന്നു. ബുധനാഴ്ച വൈകുന്നേരം 3 മണിക്കായിരുന്നു പരീക്ഷ. തലേദിവസം പുലര്‍ച്ചെ 5.30നാണ് സ്വന്തം ഗ്രാമമായ ബിജോയ്‌ നഗറില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള പിയാലിയിലേക്ക് തിരിച്ചത്. അവിടെ നിന്ന് ഒരു വഞ്ചിയില്‍ നദി കടന്നു. പിയാലിൽ തന്നെ ഇരുവരും രാത്രി കഴിച്ചുകൂട്ടി.

പിറ്റേദിവസം രാവിലെ 8 മണിക്ക് സോണാപൂരിലേക്ക് യാത്രയായി. 50 കിലോമീറ്ററുണ്ട് സോണാപൂരിലേക്ക്. ദിഗാന്ത മൊണ്ടാലിന് പരീക്ഷയായതിനാല്‍ റാബിയാണ് ഇത്രയും ദൂരം സൈക്കിള്‍ ചവിട്ടിയത്. തുടർന്ന്  സൈക്കിൾ, സോണാപൂരിലെ ബന്ധുവീട്ടില്‍ ഏല്‍പ്പിച്ച് ഇരുവരും പരീക്ഷാകേന്ദ്രത്തിൽ പോകുകയായിരുന്നു. തന്റെ മകന് ബുദ്ധിമുട്ടുണ്ടാവരുതെന്ന് കരുതിയാണ് സൈക്കിളില്‍ യാത്ര തിരിച്ചതെന്ന് റാബി മൊണ്ടാൽ പറഞ്ഞു. 

click me!