
ബെംഗളൂരു: വിവാദമായ ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ക്രൈംബ്രാഞ്ച് ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. നടി രാഗിണി ദ്വിവേദിയുടെ സുഹൃത്തായ രവിശങ്കറാണ് അറസ്റ്റിലായത്. രവിശങ്കറിന് മയക്കുമരുന്ന് സംഘവുമായി ബന്ധമുണ്ടെന്ന കണ്ടെത്തലിന്‍റെ അടസ്ഥാനത്തിലാണ് അറസ്റ്റ്. അതേസമയം രാഗിണി ദ്വിവേദി ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. ഒരു പ്രമുഖ വ്യവസായിയും സിസിബിയുടെ കസ്റ്റഡിയിൽ ഉണ്ടെന്നാണ് വിവരം. ഇയാളുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.
മയക്കുമരുന്ന് കേസില്‍ സിനിമാ രാഷ്ട്രീയ മേഖലയിലടക്കമുള്ള ബന്ധങ്ങളെ കുറിച്ച് അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ് പറഞ്ഞു. ഡാർക്ക് വെബ്ബ് കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് സംഘത്തെ കുറിച്ചാണ് തങ്ങളുടെ അന്വേഷണമെന്നും രാജ്യത്ത് ആദ്യമായി കർണാടക പൊലീസാണ് ഈ മേഖലയിൽ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
മയക്കുമരുന്ന് കേസില്‍ പ്രതികളുടെ കേരളത്തിലെ ബന്ധങ്ങളെകുറിച്ച് അനേഷിക്കുകയാണെന്ന് ബെംഗളൂരു നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോ പറഞ്ഞു. കൊച്ചി നാർക്കോട്ടിക് കണ്ട്രോൾ ബ്യൂറോയുമായി ചേർന്നല്ല തങ്ങളുടെ അന്വേഷണമെന്നും സ്വർണകടത്ത് കേസിലെ പ്രതികളുമായി അനൂപ് മുഹമ്മദിന് എന്തെങ്കിലും ബന്ധമുള്ളതായി തെളിവുകളൊന്നും ലഭിച്ചില്ലെന്നും ബെംഗളൂരു എന്‍സിബി മേധാവി അമിത് ഗവാഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം നഗരത്തില്‍ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയില്‍ 47 പേർ ഇന്ന് പിടിയിലായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam